മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ വിജയം നേടാൻ വേണ്ടിയിരുന്ന 75 റൺസ് ഇന്ത്യ അനായാസം നേടിയെടുത്തു.
മത്സരത്തിന്റെ നാലാം ദിനം രാവിലെ തന്നെ ഓസ്ട്രേലിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ കീഴടങ്ങി. രണ്ടാം ഇന്നിംഗ്സിൽ 261 റൺസിൽ ഓസ്ട്രേലിയ ഓൾ ഔട്ടായി. തലേന്നത്തെ സ്കോറായ അഞ്ചിന് 233 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. നാല് വിക്കറ്റെടുത്ത സ്നേഹ് റാണ, രണ്ട് വീതം വിക്കറ്റുകളെടുത്ത രാജേശ്വരി ഗെയ്ക്ക്‌വാദ്, ഹർമ്മൻപ്രീത് കൗർ എന്നിവരാണ് ഓസ്ട്രേലിയയെ തകർത്തത്.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 219 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 406 റൺസ് നേടി. 145 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.