Gulf

സൗദിയിലേക്ക് തൊഴില്‍ വിസ ലഭിക്കാന്‍ വിരലടയാളം നിര്‍ബന്ധമാക്കി; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍

Published

on

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് ഇനി മുതല്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ തൊഴില്‍ വിസകള്‍ക്ക് കൂടി ബാധകമാക്കാനാണ് തീരുമാനം.

ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ കൈമാറി. ഇനി മുതല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിസ സര്‍വീസിങ് നടപടികളുടെ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസ് ഓഫീസില്‍ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം.

സൗദിയില്‍ വിമാനത്താവളം പോലുള്ള പ്രവേശന കവാടങ്ങളില്‍ വച്ച് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ചിലര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെ വരാറുണ്ട്. പ്രവേശന വിലക്കുള്ളവര്‍, കേസുകളിലോ നിയമപ്രശ്‌നങ്ങളിലോ അകപ്പെട്ടവര്‍ തുടങ്ങിയ കാരണങ്ങളാലാണിത്. വിസ സ്റ്റാമ്പിങിന് മുമ്പ് തന്നെ അതാത് രാജ്യങ്ങളില്‍ വച്ച് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാകും.

എന്നാല്‍ ആവശ്യത്തിന് വിഎഫ്എസ് ശാഖകള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ വിസ വൈകാന്‍ പുതിയ സ്റ്റാമ്പിങ് നിയമം ഇടയാക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. നേരത്തേ ഈ നിയമം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ കോണ്‍സുലേറ്റിനെ സമീപിച്ച് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. 2022 മെയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു കോണ്‍സുലേറ്റിന്റെ സര്‍ക്കുലര്‍. വിഎഫ്എസ് ശാഖകളുടെ കുറവ്, പെട്ടെന്ന് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയതോടെ നിയമം പ്രാബല്യത്തിലാവാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പിന്‍വലിക്കുകയായിരുന്നു.

പിന്നീട് സൗദി വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രം ഈ നിയമം നിര്‍ബന്ധമാക്കി. ഇപ്പോള്‍ തൊഴില്‍ വിസ കൂടി പരിധിയില്‍ വരുന്നതോടെ ഉംറ ഒഴികെ എല്ലാ വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമായി മാറുകയാണ്. വിഎഫ്എസ് ശാഖകളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാവും. ഉംറക്ക് ഇലക്‌ട്രോണിക് വിസ നല്‍കുന്നതിനാല്‍ ഓഫിസുകളിലൊന്നും പോകാതെ പാസ്‌പോര്‍ട്ടുമായി നേരിട്ട് സൗദിയിലേക്ക് വിമാനം കയറാനാവും.

കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടുമാണ് വിഎഫ്എസ് ശാഖകളുള്ളത്. ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ലഖ്നൗ, കൊല്‍ക്കത്ത എന്നീ എട്ട് നഗരങ്ങളിലും വിഎഫ്എസ് കേന്ദ്രങ്ങളുണ്ട്. ഉത്തര്‍പ്രദേശ് പോലുള്ള വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലും ശാഖകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version