ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ഫൈറ്റര്‍ സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്. ട്രേഡ് അനലിസ്റ്റും നിർമ്മാതാവുമായ ഗിരീഷ് ജോഹർ പറയുന്നതനുസരിച്ച് യുഎഇ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഫൈറ്റർ റിലീസ് തടഞ്ഞിരിക്കുകയാണ്.
ഏത് കാരണത്താലാണ് പ്രദര്‍ശന വിലക്ക് എന്ന് വ്യക്തമല്ല. സെന്‍സറില്‍ ഫൈറ്റര്‍ പരാജയപ്പെട്ടുവെന്നാണ് വിവരം. അതേ സമയം വീണ്ടും സെന്‍സറിന് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഫൈറ്ററിന്റെ റിലീസിന് മാത്രം 3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിട്ടുണ്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. അനില്‍ കപൂറും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
പഠാന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ കഥയാണ് പറയുന്നത്. മിര്‍മാക്സ്, വയകോം 18 എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹൃത്വിക് റോഷൻ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്.