Sports

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്

Published

on

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ( FIFA The Best ) പുരസ്‌കാരം അര്‍ജന്റീനയുടെ ലയണല്‍ മെസി ( Lionel Messi ) സ്വന്തമാക്കി. 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ കിരീടത്തില്‍ എത്തിക്കുകയും ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന്റെ ശേഷം രണ്ട് മാസത്തെ ഇടവേളയിലാണ് ലയണല്‍ മെസിക്ക് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലഭിച്ചത്.

ഫിഫ ലോകകപ്പ് ഫൈനലില്‍ കൈലിയന്‍ എംബാപ്പെ ( Kylian Mbappe ) യുടെ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന ചാമ്പ്യന്മാരാത് എങ്കില്‍, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍ കൈലിയന്‍ എംബാപ്പെയെ തന്നെ രണ്ടാം സ്ഥാനത്താക്കി ആയിരുന്നു ലയണല്‍ മെസിയുടെ നേട്ടം. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ലയണല്‍ മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കുന്നത്. 2019ല്‍ ആയിരുന്നു ആദ്യത്തേത്.

ഇതോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ( 2016, 2017 ), പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ( 2020, 2021 ) എന്നിവരുടെ രണ്ട് ഫിഫ ദ ബെസ്റ്റ് പുരസ്കാര നേട്ടത്തിന് ഒപ്പവും ലയണല്‍ മെസി എത്തി. എന്നാല്‍, മൂന്ന് തവണ ( 2016, 2017, 2021 ) ലയണല്‍ മെസി ഫിഫ ദ പുരസ്‌കാരത്തിന്റെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. റൊണാള്‍ഡോ രണ്ട് തവണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനൊ മാര്‍ട്ടിനെസും പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലിയോണല്‍ സ്‌കലോനിയും സ്വന്തമാക്കി. ഇതോടെ ഫിഫ ദ ബെസ്റ്റ് 2022 ല്‍ അര്‍ജന്റീന മേധാവിത്വം പുലര്‍ത്തി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മാത്രം അവകാശപ്പെടാവുന്ന 700 ക്ലബ് ഗോള്‍ എന്ന നേട്ടത്തില്‍ കഴിഞ്ഞ ദിവസം ലയണല്‍ മെസി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മെസിയെ തേടിയെത്തിയത്. 2021 ഓഗസ്റ്റ് എട്ട് മുതല്‍ 2022 ഡിസംബര്‍ 18 വരെ ഉള്ള കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് 2022 ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 52 പോയിന്റുമായാണ് ലയണല്‍ മെസി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 44 പോയിന്റുമായി കൈലിയന്‍ എംബാപ്പെ രണ്ടാമതും 2022 ബാലന്‍ ദി ഓര്‍ ജേതാവായ ഫ്രാന്‍സിന്റെ കരിം ബെന്‍സെമ 34 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

മികച്ച പുരുഷ ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനൊ മാര്‍ട്ടിനെസ് സ്വന്തമാക്കി. ബെല്‍ജിയത്തിന്റെ തിബൊ കോര്‍ട്വ, മൊറോക്കോയുടെ യാസിന്‍ ബൗനു എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലിയോണല്‍ സ്‌കലോനിക്കാണ്. കാര്‍ലോ ആന്‍സിലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു.

സ്പാനിഷ് താരം അലെക്‌സിയ പ്യൂട്ടെയസ് ആണ് മികച്ച വനിതാ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാര ജേതാവ്. ഇംഗ്ലണ്ടിന്റെ മേരി ഇയര്‍പസ് മികച്ച ഗോള്‍ കീപ്പറായും നെതര്‍ലന്‍ഡ്‌സ് കാരിയായ സറിന വീഗ്മാന്‍ മികച്ച പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version