സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വർധനവുണ്ടാകുമെന്നാണ് റിപ്പേർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട് ചെയ്തത്. യുഎസിലും കാനഡയിലുമാകും ആദ്യം നിരക്ക് കൂട്ടുക, ശേഷം ആഗോളതലത്തിൽ വർധനയുണ്ടാകുമെന്നുമാണ് വിവരം.
ഇന്ത്യയിൽ എങ്ങനെയായിരിക്കും നിരക്കെന്ന് പരാമർശിച്ചിട്ടില്ല. എങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാനാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിച്ചത്. ഒപ്പം നെറ്റ്ഫ്ലിക്സിന്റെ പാസ്വേഡ് ഷെയറിങ് നിർത്തലാക്കുകയും ചെയ്തിരുന്നു.
പാസ്വേഡ് പങ്കുവെക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ബോറോവർ, ഷെയേർഡ് അക്കൗണ്ട് ഫീച്ചറുകൾ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചിരുന്നു. പാസ്വേഡ് ഷെയറിങ് നിർത്തലാക്കിയതിന് ശേഷം ഒട്ടേറെ പുതിയ വരിക്കാരെ നെറ്റ്ഫ്ലിക്സിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം പകുതിയോടെ ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരാണ് പുതുതായി ചേർന്നതെന്നാണ് റിപ്പോർട്ട്.