വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ മിക്കവരും ടെക്സ്റ്റ് മെസേജ് അയക്കാൻ മടിയുള്ള ആളുകളായിരിക്കും. വോയിസ് മെസേജുകൾ ആളുകൾ കൂടുതലായി ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. എന്നാൽ എല്ലായിപ്പോഴും വോയിസ് മെസേജ് അത്ര സുഖമുള്ള കാര്യമല്ല. വോയിസ് കേൾക്കാനുള്ള സൌകര്യം, സ്വകാര്യത എന്നിവയെല്ലാം പ്രശ്നമാണ്. ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കും ടെക്സ്റ്റ് മെസേജ് എളുപ്പത്തിൽ അയക്കാൻ ചില വഴികളുണ്ട്.
ലോകമെമ്പാടും രണ്ട് ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലൂടെയും മികച്ച ഫീച്ചറുകൾ നൽകുന്നുണ്ട്. നമ്മുടെ ഫോണുകളിലെ വോയിസ് അസിസ്റ്റന്റ് സപ്പോർട്ടിലൂടെ വാട്സ്ആപ്പിനെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. ഇതിനുള്ള സൌകര്യം വാട്സ്ആപ്പ് തന്നെ നൽകുന്നുണ്ട്. വാട്സ്ആപ്പിൽ കോളുകൾ വിളിക്കാനും എസ്എംഎസ് അയക്കാനും വോയിസ് അസിസ്റ്റന്റ് സഹായിക്കും.
നിങ്ങളൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ നിങ്ങൾക്ക് വാട്സ്ആപ്പിൽ മെസേജുകൾ അയക്കാനും കോളുകൾ വിളിക്കാനും സാധിക്കും. ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് എനേബിൾ ചെയ്യേണ്ടതുണ്ട്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.
- നിങ്ങളുടെ ഫോണിലെ ഗൂഗിൾ ആപ്പിലേക്ക് പോകുക
- താഴെ വലതുഭാഗത്ത്, മോർ ഓപ്ഷൻ കാണാം, അതിൽ ക്ലിക്ക് ചെയ്യുക
- സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക
- ഗൂഗിൾ അസിസ്റ്റന്റ് ഓപ്ഷനിലെ അസിസ്റ്റന്റ് ടാബിൽ ക്ലിക്ക് ചെയ്യുക
- അസിസ്റ്റന്റ് ഡിവൈസുകളിൽ ഫോൺ ഓപ്ഷൻ ടാപ്പ് ചെയ്യുക
- ഗൂഗിൾ അസിസ്റ്റന്റ് ഓപ്ഷൻ ടോഗിൾ ചെയ്ത് വോയിസ് മാച്ച് സെറ്റ് ചെയ്യുക
- ഒകെ ഗൂഗിൾ, ഹേയ് ഗൂഗിൾ എന്നിങ്ങനെ പറയാൻ നിങ്ങളോട് ആവശ്യപ്പെടും
- അത് പറഞ്ഞുകഴിഞ്ഞാൽ വോയിസ് മാച്ച് സെറ്റ് ചെയ്യും
ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ ഗൂഗിൾ അസിസ്റ്റന്റ് വഴി മെസേജ് അയക്കാനായി ഹേയ് ഗൂഗിൾ എന്ന് പറയുക, സെന്റ് വാട്സ്ആപ്പ് മേസേജ് ടു എന്ന് പറഞ്ഞ് അയക്കേണ്ട കോൺടാക്റ്റിന്റെ പേരും മെസേജിന്റെ കണ്ടന്റും പറയുക. നിങ്ങൾക്ക് വാട്ട്സ്ആപ്പിൽ ആരെയെങ്കിലും വിളിക്കണമെങ്കിൽ, വാട്സ്ആപ്പ് കോൾ എന്ന് പറഞ്ഞ് കോൺടാക്റ്റിന്റെ പേര് പറഞ്ഞാൽ മതി. ഇത് പ്രവർത്തിക്കാൻ നിങ്ങളുടെ ഫോൺ അൺലോക്ക് ആയിരിക്കണം.
ഐഫോണിൽ ചെയ്യേണ്ടത്
നിങ്ങൾ ഐഫോൺ ഉപയോഗിക്കുന്ന ആളാണ് എങ്കിൽ സിരിയാണ് നിങ്ങളുടെ സഹായത്തിന് എത്തുന്നത്. വാട്സ്ആപ്പ് മെസേജ് അയയ്ക്കാനോ കോളുകൾ ചെയ്യാനോ സിരി നിങ്ങളെ സഹായിക്കും. സിരി എനേബിൾ ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.
- ഫോൺ സെറ്റിങ്സ് തിരഞ്ഞെടുക്കു
- താഴേക്ക് സ്ക്രോൾ ചെയ്ത് സിരി, സെർച്ച് ഓപ്ഷൻ കണ്ടെത്തുക
- ‘Listen for Hey Siri’ ഓപ്ഷൻ ടോഗിൾ ചെയ്യുക
- നിർദ്ദേശങ്ങൾ പാലിക്കുക, നിങ്ങളുടെ ശബ്ദം തിരിച്ചറിയാൻ ഹേയ് സിരി എന്ന് പറയുക
നിങ്ങൾ സിരി എനേബിൾ ചെയ്ത് കഴിഞ്ഞാൽ ‘ഹേയ് സിരി സെന്റ് എ വാട്സ്ആപ്പ് മെസേജ്’ എന്ന് പറഞ്ഞ് മെസേജ് ടൈപ്പ് ചെയ്യിക്കാവുന്നതാണ്. ഫോൺ ലോക്കായിരിക്കുമ്പോഴും സിരി ഉപയോഗിക്കാം എന്നാതാണ് ഈ ഫീച്ചറിന്റെ ഗുണം.