Gulf

പ്രശസ്ത ഹൈദരാബാദി ബ്ലോഗര്‍ സഹാക്ക് തന്‍വീര്‍ സൗദിയില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്

Published

on

റിയാദ്: ഹൈദരാബാദ് വംശജനായ പ്രശസ്ത ബ്ലോഗര്‍ സഹാക്ക് തന്‍വീര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറസ്റ്റിന്റെ കാരണവും ഇയാള്‍ക്കെതിരെയുള്ള പ്രത്യേക കുറ്റങ്ങളും ഇതുവരെ അറിവായിട്ടില്ല. ഇദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ ഇപ്പോള്‍ സൂക്ഷ്മപരിശോധനയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഹാക്ക് തന്‍വീറിന്റെ അറസ്റ്റ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടന്നുവരികയാണ്. അറസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പോസ്റ്റുകളുണ്ട്. സൗദി അറേബ്യയുടെ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സൗദി സുരക്ഷാ സേന ഇന്ത്യന്‍ ബ്ലോഗര്‍ സഹാക്ക് തന്‍വീറിനെ അറസ്റ്റ് ചെയ്തതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. മോദി, ആര്‍എസ്എസ് അനുകൂല വീക്ഷണങ്ങള്‍ക്ക് പേരുകേട്ട സഹാക്കിനെ ഡിസംബര്‍ 18 ന് അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തുവെന്നും ഡിസംബര്‍ 27 ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ എക്‌സ് സന്ദേശത്തില്‍ പറയുന്നു.

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സഹാക്ക് തന്‍വീറിനെ ഡിസംബര്‍ 18 ന് സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിഫന്‍സീവ് ഒഫന്‍സ് സ്ഥാപകന്‍ വൈഭവ് സിങ് എക്‌സില്‍ കുറിച്ചു. സഹാക്കിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം സംബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയോട് ഗൗരവമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ടാഗ് ചെയ്ത് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാരണം നമ്മുടെ രാജ്യത്തിന്റെ ദേശസ്നേഹവും ഇഖ്വാന്‍ വിരുദ്ധ ശബ്ദവും വിദേശത്ത് ഉപേക്ഷിക്കുന്നത് വളരെ നല്ല സന്ദേശം നല്‍കില്ലെന്നും അദ്ദേഹം എഴുതി.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സഹാക്ക് വൈഭവ് സിങിന് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം അറ്റാച്ചുചെയ്തിട്ടുണ്ട്. തെറ്റായി ജയിലിലടച്ച നമ്മുടെ പൗരനെ മോചിപ്പിക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. മുസ്ലീം ബ്രദര്‍ഹുഡും പാകിസ്ഥാനികളും തനിക്ക് പിന്നാലെയുണ്ടെന്ന് സഹാക്ക് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

‘ഹായ് വൈഭവ് ഭായ് സുഖമാണോ. ഇവിടെ എന്റെ ഓഫീസില്‍ ഇന്ത്യന്‍ തബ്ലീഗികളും പാകിസ്ഥാനികളും ചരടുവലിക്കുകയും സൗദി മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. എന്റെ സൗദി മാനേജര്‍ എന്നെ വിളിക്കുകയും സൗഹൃദപരമായി സംസാരിക്കുകയും ചെയ്തു. ഈ ആളുകള്‍ എന്റെ സാമ്പത്തിക മേഖലയില്‍ എത്തിയിരിക്കുന്നു’- സഹാക്ക് തന്‍വീറിന്റെ ഈ സന്ദേശവും വൈഭവ് സിങ് പുറത്തുവിട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധനിലപാടിന്റെ പേരില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സഹാക്ക് തന്‍വീറിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തുവെന്നറിഞ്ഞത് ശരിക്കും ഞെട്ടിക്കുന്നതായി മറ്റൊരാള്‍ എഴുതി.

സഹാക്ക് തന്‍വീര്‍ ഒരു ഇന്ത്യന്‍ ദേശസ്‌നേഹിയും സൗദി സര്‍ക്കാരിനോട് വിശ്വസ്തനുമാണ്. ഇന്ത്യക്കാര്‍ക്കോ സൗദി എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കോ അദ്ദേഹം ഒരു ദോഷവും വരുത്തിയിട്ടില്ല. ഇന്ത്യന്‍ എംബസി ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

സഹാക്ക് തന്‍വീര്‍ സൗദിയിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസി ബ്ലോഗറാണ്. ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങില്‍ ബിടെക് ബിരുദം നേടി. ആജ് തക്, ഭാരത് എക്സ്പ്രസ്, ന്യൂസ് എക്സ്, ഡിഫന്‍സീവ് ഒഫന്‍സ്, സിറ്റി മീഡിയ, ഡിഒ ന്യൂസ്, ദി ചാര്‍വാക പോഡ്കാസ്റ്റ്, കോഹ്ന പോഡ്കാസ്റ്റ്, ദി ജിയോ സ്റ്റാന്‍സ്, പോയിന്റ് ഓഫ് വ്യൂ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകളില്‍ അഭിമുഖം നല്‍കുകയും ടെലിവിഷന്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ജി20യുടെ യൂത്ത്-20, വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ഒരു അഭിഭാഷക ഇവന്റ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളില്‍ സംസാരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version