Gulf

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പിടിമുറുക്കുന്നു; യുഎഇയിലെ ദുരനുഭവം പങ്കുവച്ച് യുവതി

Published

on

അബുദബി: കേരളത്തിലും വിദേശങ്ങളിലുമായി വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പിടിമുറുക്കുന്നു. ആയിരക്കണക്കിന് മലയാളികളാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായി യുഎഇയില്‍ എത്തിയ കൊല്ലം ആയൂര്‍ സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഇരുണ്ട മുറിയില്‍ ആഹാരം പോലും ഇല്ലാതെ കഴിയേണ്ടി വന്ന നാളുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അനുഭവങ്ങളാണ് യുവതി റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവച്ചത്.

വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ വിസ തട്ടിപ്പിന് ഇരയാകുന്നത് ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരത്തിലുളള ദുരനുഭവമാണ് കൊല്ലം സ്വദേശിയായ യുവതിക്ക് യുഎഇയില്‍ നേരിടേണ്ടി വന്നത്. ഏജന്റ് വാഗ്ദാനം ചെയ്ത ഹോം നഴ്‌സിന്റെ ജോലിയും മികച്ച ശമ്പളവും ഏതൊരു സാധാരക്കാരിയെയും പോലെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെയും മോഹിപ്പിച്ചു. പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ നിന്ന് ഒരുപാട് സ്വപ്‌നങ്ങളുമായാണ് യുഎഇയിലക്ക് വിമാനം കയറിയത്. പക്ഷെ ഇവിടെ എത്തിയപ്പോഴാണ് ചതിക്കപ്പെട്ടു എന്ന് മനസിലായത്.

പിന്നീട് നേരിട്ടത് ദുരിത ജീവിതത്തിന്റെ നീണ്ട നാളുകള്‍. ആദ്യത്തെ ഏജന്റ് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ക്ക് കൈമാറി. പിന്നെ ഇരുപതോളം സ്ത്രീകള്‍ക്കൊപ്പം ഇരുട്ട് നിറഞ്ഞ മുറിയില്‍ താമസം. ഓരോ നീക്കങ്ങളും സിസിടിവിയിലൂടെ സെക്യൂരിറ്റി ജീവനക്കാര്‍ നിരീക്ഷിച്ച് കൊണ്ടേയിരുന്നു. ആരോടും മിണ്ടാനും ഫോണ്‍ ചെയ്യാനും അനുമതിയുണ്ടായിരുന്നില്ല. ആഹാരം നല്‍കിയിരുന്നത് ഒരുനേരം മാത്രം. അത് മൂന്ന് നേരത്തേക്ക് കരുതി വച്ച് വിശപ്പടക്കിയ നാളുകളായിരുന്നു.

പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വില്ലയില്‍ നൂറോളം യുവതികള്‍ വേറെയും ഉണ്ടായിരുന്നു. എല്ലാവരും വിസാ തട്ടിപ്പിന് ഇരയായി ഏറെ നാളായി ഇവിടെ കഴിയുന്നവര്‍. ഗ്ലോബല്‍ പ്രവാസി യൂണിയന്‍ എന്ന സംഘടനയുടെ ഇടപെടലാണ് പെണ്‍കുട്ടിക്ക് തുണയായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മോചനം സാധ്യമായതെന്ന് ഗ്ലോബല്‍ പ്രവാസി യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. ഫരീദ് സാക്ഷ്യപ്പെടുത്തുന്നു. സംഘടനയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി ഉളളത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് പാസ്‌പോര്‍ട്ട് വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണ്. സ്വപ്‌നങ്ങളെല്ലാം ഇവിടെ ഉപേക്ഷിച്ച് വൈകാതെ നാട്ടിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പിലാണ് യുവതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version