അബുദാബി: 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ കാണാൻ പോകാനിരിക്കവെ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം സമ്മാനിച്ച പൊന്നോമനയെ ഒരുനോക്ക് കാണാൻ കൊതിച്ചുള്ള യാത്രയ്ക്കൊരുങ്ങവെയാണ് യുവാവ് മരണപ്പെട്ടതെന്ന വിവരം മൃതദേഹം നാട്ടിലേക്ക് അയച്ചെന്ന വാർത്തയ്ക്കൊപ്പമാണ് അഷ്റഫ് താമരശ്ശേരി പങ്കുവെച്ചത്.
പിഞ്ചോമനയെ കാണാൻ അച്ഛൻ വരുന്നത് കാത്തിരിക്കുന്ന വീട്ടുകാർക്ക് മുന്നിലേക്ക് മൃതദേഹവുമായി എത്തുന്ന അവസ്ഥ ദാരുണമാണെന്നും അദ്ദേഹം പറയുന്നു. ഇന്നലെ മൂന്ന് പേരുടെ മൃതദേഹമാണ് നാട്ടിലേക്ക് അയച്ചതെന്ന് പറഞ്ഞുകൊണ്ടാണ്. അഷ്റഫ് യുവാവിന്റെ കഥ പങ്കുവെച്ചിരിക്കുന്നത്.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ വായിക്കാം.
ഇന്നലെ മൂന്ന് പേരുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സഹോദരന്റെ മരണം ഏറെ വിഷമകരമായിരുന്നു. 21 വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട്. ഇത് വരെ സന്താന ഭാഗ്യം ഉണ്ടായിരുന്നില്ല. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണിയായി.
ഈ മാസം മുപ്പതിന് പ്രസവത്തിന്റെ തിയതി ഡോക്ടർമാർ പറഞ്ഞിരുന്നു. അത് പ്രകാരം പ്രസവത്തിനോടനുബന്ധിച്ച് ആശുപത്രിയിൽ ഉണ്ടാകാൻ ഈ മാസം ഇരുപതിന് ഇദ്ദേഹം നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പറഞ്ഞതിനേക്കാൾ നേരത്തേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. ആറ്റ് നോറ്റുണ്ടായ കുഞ്ഞിനെ കാണാൻ ധൃതിയായ അദ്ദേഹം അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു.
നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം സമ്മാനിച്ച പൊന്നോമനയെ ഒരുനോക്ക് കാണാനുള്ള കൊതിയോടെ നടന്ന മനുഷ്യന് ഭാഗ്യമുണ്ടായില്ല. മരണം അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ. നാം ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു.
പൈതലിനെ കാണാൻ വരുന്ന പിതാവിനെ കാത്തിരുന്ന വീട്ടുകാർക്ക് മുന്നിലേക്ക് മൃതദേഹവുമായി എത്തുന്ന അവസ്ഥ. ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടേ…. നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരന്മാർക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.