റിയാദ്: പ്രവാസി ഇന്ത്യക്കാരനെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി ആകിബ് സര്‍ഫറാജ് (27) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇദ്ദേഹം ഓടിച്ച ലോറിയുടെ കാബിനില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുബൈലിന് സമീപം അബുഹദരിയ ഹൈവേയിലാണ് സംഭവം.
സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആകിബ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. രേഖകള്‍ ശരിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ നേതൃത്വം നല്കിവരുന്നു. പിതാവ്: സര്‍ഫറാജ്, മാതാവ്: റുക്സാന.