Sports

അര്‍ജന്‍റീനയെ തോല്‍പ്പിക്കാനാണ് എല്ലാവരുടെയും ആഗ്രഹം; വ്യക്തമാക്കി ഡി പോള്‍

Published

on

ബ്യൂണസ് ഐറിസ്: എല്ലാവരും ഞങ്ങളെ തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അര്‍ജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍. കോപ്പയിലെയും ലോകകപ്പിലെയും നിലവിലെ ചാമ്പ്യന്മാരായതുകൊണ്ട് അര്‍ജന്റീന പരാജയപ്പെടാനാണ് എല്ലാവരും കാത്തിരിക്കുന്നത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

‘പ്രതീക്ഷകളെല്ലാം എപ്പോഴും വാനോളമുണ്ട്. ഞങ്ങള്‍ നേടിയ കിരീടം നിലനിര്‍ത്തണം. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ എല്ലാ ടീമുകളും ഞങ്ങളെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അതെല്ലാം നേരിടാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു’, ഡി പോള്‍ പറഞ്ഞു.

‘ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് എല്ലാവരുടെയും ഫേവറിറ്റുകളെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്, ലയണല്‍ മെസ്സി. കോപ്പയില്‍ ആദ്യമായി പങ്കെടുക്കുന്നുവെന്ന പോലെയാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്. അതേ സന്തോഷം വീണ്ടും കൊണ്ടുവരണാനുള്ള ആവേശത്തിലാണ് ഞങ്ങള്‍’, ഡി പോള്‍ കൂട്ടിച്ചേര്‍ത്തു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പുള്ള സൗഹൃദമത്സരങ്ങളില്‍ ഇക്വഡോറിനെയും ഗ്വാട്ടിമാലയെയും നേരിടാനൊരുങ്ങുകയാണ് അര്‍ജന്റീന. സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും യുവതാരം പൗലോ ഡിബാലയെ ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തിലും പ്രതികരണവുമായി ഡി പോള്‍ രംഗത്തെത്തിയിരുന്നു. ടീമില്‍ ആരൊക്കെ വേണമെന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണിക്ക് വ്യക്തതയുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

അര്‍ജന്റീന ലോകചാമ്പ്യന്മാരായപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സ്‌കലോണി സൂചന നല്‍കിയിരുന്നു. ടീമില്‍ ഒരു താരത്തിന്റെ സ്ഥാനം മാത്രമെ ഉറപ്പുണ്ടാകു. അത് നമ്പര്‍ 10 ലയണല്‍ മെസ്സിയാണ്. മറ്റ് സ്ഥാനങ്ങള്‍ക്കായി നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും അര്‍ജന്റീനന്‍ പരിശീലകന്‍ പറഞ്ഞതായി ഡി പോള്‍ പ്രതികരിച്ചു.

ഡിബാല തന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ടീമില്‍ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടാണ്. പക്ഷേ കാര്യങ്ങള്‍ നന്നായി പോയാല്‍ മാത്രമെ ടീമില്‍ നിലനില്‍ക്കാന്‍ കഴിയൂവെന്ന് ഡിബാലയ്ക്കും അറിയാം. എല്ലായ്‌പ്പോഴും ടീമിലേക്ക് പരിഗണിക്കുന്ന പേര് തന്നെയാണ് അയാളുടേത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനന്‍ ടീം ശ്രമിക്കുമെന്നും ഡി പോള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version