Gulf

പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരും വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കണം; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ വിഭാഗം

Published

on

ദോഹ: രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും പനിക്കെതിരായ വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കല്‍ അനിവാര്യമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരോയുള്ള സമൂഹത്തിലെ മുഴുവന്‍ ആളുകളും ഇന്‍ഫ്‌ളുവെന്‍സ് വാക്‌സിന്‍ എടുക്കേണ്ടത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം മരണം വരെ സംഭവിക്കാവുന്ന സങ്കീര്‍ണ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ (സിഡിസി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി മുന്നറിയിപ്പ് നല്‍കി.

പകര്‍ച്ചപ്പനി വൈറസുകള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും ആരോഗ്യത്തെ ബാധിക്കുമെങ്കിലും, ചില ആളുകളില്‍ അത് സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. 50 വയസ്സിനു മുകളിലുള്ള വ്യക്തികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികളുമായും കുട്ടികളുമായും അടുത്ത് ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഫ്‌ളൂ ഷോട്ട് കൃത്യമായി എടുക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി.

ഇന്‍ഫ്‌ലുവന്‍സ അണുബാധ ചിലപ്പോള്‍ വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാന്‍ ഇടയുണ്ട്. പ്രത്യേകിച്ചും കുട്ടികളിലും മുതിര്‍ന്നവരിലും. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ചെവി അണുബാധ തുടങ്ങിയവയ്ക്ക് ഇത് കാരണമാവാം. പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ക്കും ന്യമോണിയ ബാധിക്കുന്നത് മാരകമായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ഇത്തം രോഗികളില്‍ ഇന്‍ഫ്‌ളുവെന്‍സയുടെ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതില്‍ ഫ്‌ളൂ വാക്‌സിന്‍ നിര്‍ണായകമാണ്. മാറിക്കൊണ്ടിരിക്കുന്ന വൈറസിന്റെ ആക്രമണത്തെ തടയാന്‍ ഓരോ വര്‍ഷവും കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്. ഖത്തറില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് വാക്‌സിനേഷന്‍ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി
ഖത്തറിലുടനീളമുള്ള 90 ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങളില്‍ ഫ്‌ലൂ വാക്‌സിനുകള്‍ സൗജന്യമായി ലഭ്യമാണ്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്‌സിസി) 31 ഹെല്‍ത്ത് സെന്ററുകളും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇതില്‍ ഉള്‍പ്പെടും.

ഒക്ടോബറില്‍ ആരംഭിച്ച് മെയ് വരെ നീണ്ടുനില്‍ക്കുന്നതാണ് ഫ്‌ളൂ സീസണ്‍. അതിനാല്‍ തുടക്കം മുതല്‍ തന്നെ പ്രതിരോധം ആര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമാണ് ഇത്തരം പനികള്‍ ഉണ്ടാവുന്നത്. ഇത് ചെവി അണുബാധ, ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ചിലപ്പോള്‍ ഇത് മരണത്തിനു തന്നെ കാരണമായേക്കാം. ആസ്ത്മ, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ഈ പനി കൂടുതല്‍ വഷളാക്കും.

പേശിവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍. പനി മറ്റൊരു ലക്ഷണമാണ്. എന്നാല്‍ എല്ലാ പനിയും ഇന്‍ഫ്‌ളുവെന്‍സ ആയിക്കൊള്ളണമെന്നില്ല. ചില ആളുകള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാറുണ്ട്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് ഇത് കൂടുതലായി പിടികൂടുന്നത്. എല്ലാ വര്‍ഷവും ഫ്‌ലൂ ഷോട്ട് നേടുക എന്നതാണ് ഇന്‍ഫ്‌ലുവന്‍സ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇന്‍ഫ്‌ലുവന്‍സ സംബന്ധമായ അസുഖങ്ങളും ഗുരുതരമായ സങ്കീര്‍ണതകളും കുറയ്ക്കാന്‍ ഫ്‌ലൂ ഷോട്ടുകള്‍ സഹായിക്കുന്നു. എലിപ്പനി പോലുള്ളവയുടെ തീവ്രത കുറയ്ക്കാനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version