Gulf

അടുത്ത ഏഴ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്

Published

on

അബുദാബി: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 പേര്‍ക്ക് ജോലി നല്‍കും. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവെസ് ദുബായ് എയര്‍ഷോ പരിപാടിക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് ശേഷം വിമാനയാത്രാ മേഖല വലിയ തിരിച്ചുവരവാണ് നടത്തുന്നതെന്നും വരുംവര്‍ഷങ്ങളില്‍ ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 800 മുതല്‍ 1000 വരെ ആളുകളെ നിയമിക്കും. ഏഴ് വര്‍ഷം കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തിഹാദ് ഈ വര്‍ഷം 12 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും സിഇഒ വ്യക്തമാക്കി.

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ദുബായില്‍ നടന്നുവരുന്ന എയര്‍ഷോയില്‍ പങ്കെടുക്കുകയും ഏറ്റവും പുതിയ ബോയിങ് 787-9 പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗണത്തില്‍പെട്ട നാല് ഡ്രീംലൈനറുകള്‍ കമ്പനിക്കുണ്ട്. ഒക്ടോബറില്‍ 787-10 ഇനത്തില്‍ പെട്ട വിമാനങ്ങളും കമ്പനി വാങ്ങിയിരുന്നു.

വരും മാസങ്ങളില്‍, ഇന്ത്യയിലെ പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങാന്‍ ഇത്തിഹാദ് തീരുമാനിച്ചിട്ടുണ്ട്. ബോസ്റ്റണിലും നെയ്‌റോബിയിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം കമ്പനി 35 ശതമാനം വളര്‍ച്ച കൈവരിച്ചു. പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ തയ്യാറുള്ള ഏതൊരു എയര്‍ലൈനും വെല്ലുവിളികള്‍ ഏറെയാണ്. ആവശ്യത്തിന് വിമാനങ്ങള്‍ ലഭിക്കാത്തത് ഈ മേഖലയിലെ പ്രതിസന്ധിയാണ്. വിമാനങ്ങള്‍ ലഭിക്കുന്നത് വളരെയധികം വൈകുന്നു. കാരണം വിമാനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ബോയിങ് 787-900 വിമാനങ്ങള്‍ ബുക്ക് ചെയ്തിട്ടും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടെര്‍മിനലുകളില്‍ ഒന്നാണ് ഈ മാസം ഒന്നു മുതല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 28 എയര്‍ലൈനുകളും പുതിയ ടെര്‍മിനലിലേക്ക് മാറിക്കഴിഞ്ഞു. വലിയ ടെര്‍മിനലുകള്‍ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും ഇത്തിഹാദ് അടുത്ത വര്‍ഷം 17 ദശലക്ഷം യാത്രക്കാരെയും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 33 ദശലക്ഷം യാത്രക്കാരെയും എത്തിക്കാന്‍ പോകുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version