ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ സെഷൻ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 108 റൺസെന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിൻ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 32 റൺസുമായി ജോണി ബെയർസ്റ്റോ 18 റൺസുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ബാസ്ബോൾ ശൈലിയിൽ അക്രമിച്ചുകളിക്കാനാണ് ഇംഗ്ലണ്ട് തീരുമാനം എടുത്തത്. 11 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 53 റൺസിലെത്തി. 12-ാം ഓവറിലെ അഞ്ചാം പന്തിൽ 35 റൺസെടുത്ത ബെൻ ഡക്കറ്റിനെ രവിചന്ദ്രൻ അശ്വിൻ പുറത്താക്കി. പിന്നാലെ ഒരു റൺസെടുത്ത ഒലി പോപ്പിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി.
20 റൺസെടുത്ത് നിന്ന സാക്ക് ക്രൗളിയെ അശ്വിൻ സിറാജിന്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് മൂന്നിന് 60 എന്ന നിലയിൽ തകർന്നു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റൂട്ട്-ബെയർസ്റ്റോ സഖ്യത്തിലാണ് ഇപ്പോൾ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.