ദോഹ: ഖത്തർ മന്ത്രിസഭിയിൽ അഴിച്ചു പണി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് മന്ത്രിസഭിയിൽ അഴിച്ചു പണി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മന്ത്രിമാർ തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. അമീരി ദിവാനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുനിസിപ്പാലിറ്റി മന്ത്രിയെ മാറ്റി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ചുമതലയേൽപിച്ചു. മുൻ ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും കായിക സംഘാടകനുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പുതിയ കായിക, യുവജനകാര്യ മന്ത്രിയായി ചുമതലയേറ്റു.
മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്ക്ക് പുതിയ സ്ഥാനം ആണ് നൽകിയത്. പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രി എന്ന പദവിയാണ് നൽകിയിരിക്കുന്നത്. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. നീതിന്യായ കാബിനറ്റ് കാര്യ സഹമന്ത്രിയായി ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ മുഹന്നദി ചുമതയേറ്റു.
വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സുൽത്താന്‍ ബിന്‍ സഅദ് ബിന്‍ സുൽത്താന്‍ അല്‍മുറൈഖിയെ തെരഞ്ഞെടുത്തു. പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി, ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് ആൽഥാനി എന്നിവർ എത്തിയിരുന്നു.
ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായിരുന്ന ശൈഖ് ഹമദ് ലോകകപ്പിനു പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. 2005 മുതൽ 2023 വരെയാണ് അദ്ദേഹം ഈ സ്ഥാനത്ത് ഇരുന്നിരുന്നത്. എഎഫ്സി, ഫിഫ കൗൺസിൽ നേതൃപദവികളും ശൈഖ് ഹമദ് വഹിച്ചിട്ടുണ്ട്. മികച്ച കായിക സംഘാടകൻ എന്ന രീതിയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് പ്രശസ്ഥമായി കൊണ്ടിരിക്കുകയാണ്. മറ്റു മന്ത്രിമാരുടെ ചുമതലകളിൽ ഒന്നും മാറ്റമില്ലാതെ തുടരുന്നു. മുഹമ്മദ് ബിൻ ഹസൻ അൽ മൽഖിയെ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും, ഖാലിദ് അഹമ്മദ് സാലിഹ് അഹമ്മദ് അൽ ഉബൈദലിയെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിച്ചുകൊണ്ട് അമീർ ഉത്തരവിറക്കിയിട്ടുണ്ട്.