കൊൽക്കത്ത: അർജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ച സംഘത്തിലെ സൂപ്പർ ഹീറോ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു. കൊൽക്കത്തയിലാണ് അർജന്റീന ഗോൾകീപ്പർ എത്തുന്നത്. ജൂൺ അവസാനത്തിലോ ജൂലൈ ആദ്യവാരത്തിലോ ആകും സന്ദർശനം.
ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലെത്തിച്ച സതാദു ദത്ത തന്നെയാണ് ഖത്തർ ലോകകപ്പിൽ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ താരത്തെ കൊണ്ടുവരുന്നത്. ഒരു പ്രമോഷനൽ പരിപാടിക്കായാണ് മാർട്ടിനെസ് വരുന്നതെന്നാണ് വിവരം.
ജൂൺ 20, 21, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് എന്നീ തിയതികളാണ് താൽക്കാലികമായി കാണുന്നതെന്ന് ദത്ത അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം തിയതി അന്തിമമാകും. നാളെ മാർട്ടിനെസിന്റെ ഫോട്ടോഷൂട്ടും നടക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഏറെ പരിശ്രമത്തിനൊടുവിലാണ് മാർട്ടിനെസിനെ കൊൽക്കത്തയിലെത്തിക്കാനാകുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും ദത്ത പറഞ്ഞു. മുഴുവൻ അർജന്റീന ആരാധകരും ഇതിനായി ആകാംക്ഷയോടെ
കാത്തിരിക്കുകയാണ്. കൊൽക്കത്തയ്ക്ക് വളരെ പ്രധാനപ്പെട്ടൊരു അനുഭവമാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.