Gulf

ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40ലധികം സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

Published

on

അബുദാബി: ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നടപടി തുടങ്ങി. യാത്രാരേഖകള്‍ ശരിയാക്കി നല്‍കുന്നതിനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വിവിധ കാരണങ്ങളാല്‍ ഈ സ്ത്രീകള്‍ യുഎഇയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരില്‍ ചിലര്‍ വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയവരാണ്. ജോലിക്കായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇതിനിടെ വിസ കാലാവധി അവസാനിക്കുക കൂടി ചെയ്തതോടെ എല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു.

വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള ഓരോ ദിവസത്തിനും പിഴ കണക്കാക്കി വലിയ സംഖ്യ അടച്ചാല്‍ മാത്രമേ ഇവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവൂ. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പിടിച്ചുനിന്ന ഇവര്‍ക്ക് എല്ലാം കൈവിട്ടുപോയി. എന്നാല്‍ തൊഴില്‍ വിസ ലഭിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേക്ക് യഥാസമയം മടങ്ങാത്തതിനാല്‍ പ്രതിസന്ധിയിലായവരും കൂട്ടത്തിലുണ്ട്.

ദുരിതത്തിലായ തൊഴിലാളികളെ കൂട്ടമായി ദുബായില്‍ നിന്ന് കൊളംബോയിലേക്ക് കൊണ്ടുപോവുകയാണ്. ഇത്തരത്തിലുള്ള തൊഴിലാളികളുടെ ആദ്യ സംഘം കഴിഞ്ഞ മാസം ശ്രീലങ്കയിലേക്ക് യാത്രതിരിച്ചിരുന്നു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സും ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും സഹായിക്കാന്‍ രംഗത്തുവന്നതോടെയാണ് പുതുജീവിതത്തിലേക്ക് വഴിതുറന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു. എല്ലാ വഴിയും അടഞ്ഞതോടെ കടുത്ത നിരാശയില്‍ കഴിയുകയായിരുന്നു ഇവര്‍. സഹായഹസ്തം നീട്ടിയവരോട് അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തിയ തൊഴിലാളികള്‍ വീണ്ടും ശ്രീലങ്കയില്‍ എത്താന്‍ കഴിയുന്നതിലുള്ള അതിയായ സന്തോഷവും രേഖപ്പെടുത്തി.

ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അലക്‌സി ഗുണശേഖര പ്രതിസന്ധിയിലകപ്പെട്ട 42 സ്ത്രീകളുടെ താമസകേന്ദ്രത്തിലെത്തി കൂടിക്കാഴ്ച നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇത്രയും പേര്‍ക്കുള്ള വിമാനക്കൂലി വലിയ വെല്ലുവിളിയായിരുന്നുവെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ ഉദാരമായ സമീപനമാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നീക്കം വേഗത്തിലാക്കിയതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

യുഎഇയിലെ പ്രവാസികളായ ശ്രീലങ്കക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് തങ്ങളുടെ കടമയാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ദേശീയ വിമാനക്കമ്പനി സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നത് സ്വാഗതാര്‍ഹമാണ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇത് ഏറ്റവും ഉയര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ്- ഗുണശേഖര പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും തങ്ങള്‍ എക്കാലവും പ്രതിജ്ഞാബന്ധമാണെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎഇ മാനേജര്‍ ഷിരാന്‍ ക്രെറ്റ്‌സര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version