ഇസ്താംബുള്‍: തുര്‍ക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്ന് തുര്‍ക്കിയുടെ ദുരന്ത നിവാരണ എജന്‍സിയായ അഫാഡ് വ്യക്തമാക്കി.
ആദ്യ ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാന്‍ടേപ്. നിരവധി കെട്ടിടങ്ങള്‍ക്കടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ സിറിയ, ലെബനോന്‍, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സിറിയയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ ആളപായങ്ങളെ കുറിച്ചോ തുര്‍ക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചില്ല. അതേസമയം കെട്ടിടങ്ങള്‍ നിലംപൊത്തുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികതയെ കുറിച്ചും സ്ഥിരീകരണമില്ല. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഒന്നാണ് തുര്‍ക്കി.
1999ലാണ് ഏറ്റവും ഒടുവില്‍ കനത്ത നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ താറുമാറാക്കി. 17,000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇസ്താംബുളില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2020 ജനുവരിയില്‍ ഇലാസിഗിലുണ്ടായ ഭൂകമ്പത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി.