ദുബായ്: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹിക ക്ഷേമം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ‘ദുബായ് സോഷ്യൽ അജണ്ട 33’ എന്ന പേരില്‍ 208 ബില്യൺ ദിർഹത്തിന്‍റെ പദ്ധതിയാണ് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. ദുബായ് ഭരണാധികാരിയായി 18 വർഷം പൂർത്തീകരിച്ച അവസരത്തിലാണ് പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം.
‘കുടുംബം, നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്നതാണ് പദ്ധതിയുടെ പ്രമേയം. പത്ത് വർഷത്തിനുള്ളിൽ സ്വദേശി കുടുംബങ്ങളുടെ എണ്ണം രണ്ടു മടങ്ങ് വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരം, കുടുംബങ്ങളുടെ സംരക്ഷണം, പരിപാലനം, ശാക്തീകരണം, ജനങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ആരോഗ്യ പരിരക്ഷ സംവിധാനം കൊണ്ടുവരുക, ഭാവിയിലെ പുത്തൻ സാങ്കേതിക വിദ്യകളും അറിവും ഉപയോഗിച്ച് വിദ്യാർഥികളെ സജ്ജമാക്കുന്ന മികച്ച വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുക, കുടുംബങ്ങളുടെ സംരക്ഷണം, പരിപാലനം, ശാക്തീകരണം എന്നിവയിൽ ഊന്നിയ സാമൂഹിക വ്യവസ്ഥ കൊണ്ടുവരുക തുടങ്ങിയ സമഗ്ര പദ്ധതികളാണ് അജണ്ട മുന്നോട്ടുവെക്കുന്നത്.
ദുബായിയെ ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി മാറ്റുക, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം മൂന്നിരട്ടിയാക്കുക, അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ ഓരോ പുതിയ എമിറാത്തി കുടുംബത്തിനും ഭൂമി പ്ലോട്ടും വായ്പയും നൽകുക, 2033 ഓടെ ദുബായിലെ പുതിയ എമിറാത്തി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അജണ്ട ലക്ഷ്യമിടുന്നത്. അജണ്ട നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഹംദാൻ ബിൻ മുഹമ്മദിനോടും മക്തൂം ബിൻ മുഹമ്മദിനോടും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.