ദുബായ്: യുഎഇ പൗരന്‍മാര്‍ക്കുള്ള ഭവന പദ്ധതി നടപ്പാക്കുന്ന പുതിയ പ്രദേശത്തിന് ‘ലത്തീഫ സിറ്റി’ എന്ന് പേരിടാന്‍ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്‍കി. ഷെയ്ഖ് മുഹമ്മദിന്റെ മാതാവ് ഷെയ്ഖ ലത്തീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പേരിലാണ് പുതിയ പ്രദേശം അറിയപ്പെടുക.
ദുബായ് സോഷ്യല്‍ അജണ്ട 33 ന്റെ ഭാഗമായി 2024 വര്‍ഷത്തേക്കുള്ള ഒരുകൂട്ടം പ്രോജക്ടുകള്‍ക്ക് ജനുവരി 14 ഞായറാഴ്ച ഷെയ്ഖ് മുഹമ്മദ് അംഗീകാരം നല്‍കിയിരുന്നു. ഈ ഘട്ടത്തിലാണ് ഭവന പദ്ധതി നടപ്പാക്കുന്ന പുതിയ പ്രദേശത്തിന് മാതാവിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്.
550 കോടി ദിര്‍ഹമിന്റെ (12,409 കോടിയിലധികം രൂപ) ഭവന പദ്ധതി വരുന്ന പ്രദേശമാണിത്. 3,500 പേര്‍ക്ക് വീടുവയ്ക്കാനുള്ള ഭൂമിയും 2,300 പേര്‍ക്ക് പണിപൂര്‍ത്തിയായ ഭവനങ്ങളും നല്‍കുന്നു. പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുകയാണ് എല്ലാ സംരംഭങ്ങളുടെയും ആത്യന്തിക ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കുടുംബമാണ് രാഷ്ട്രത്തിന്റെ ആണിക്കല്ല്. എല്ലാ വികസന പദ്ധതികളുടെയും അടിത്തറയും. ശോഭനമായ ഭാവിക്കായി പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
പൗരന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭവന പ്ലോട്ടുകള്‍ 40 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. ദുബായിലെ യോഗ്യരായ പൗരന്മാര്‍ക്ക് ഫെബ്രുവരിയില്‍ ഉടമസ്ഥാവകാശം കൈമാറും. ലത്തീഫ സിറ്റിയിലെ 2,700 പ്ലോട്ടുകളും അല്‍ യലായിസ് 5 ഏരിയയിലെ 800 പ്ലോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. അല്‍ ഖവാനീജ് 2, അല്‍ അവീര്‍, വാദി അല്‍ അമര്‍ദി, ഹത്ത എന്നിവിടങ്ങളിലാണ് പൗരന്മാര്‍ക്കായി 2,300 പുതിയ വീടുകള്‍ ഒരുക്കിയിരിക്കുന്നത്.
ഷെയ്ഖ് സായിദ് റോഡ് മേഖല ബുര്‍ജ് ഖലീഫ എന്നാണ് ഇനി അറിയപ്പെടുക. അല്‍ ത്വായ് (അല്‍ ഖവാനീജ്-3), അല്‍ ഥനിയ സെക്കന്‍ഡ് (അല്‍ മദ്മാര്‍), മദീനത്ത് ദുബായ് അല്‍ മലാഹിയ (അല്‍ മിനാ), അല്‍ഥനിയ ഫസ്റ്റ് (അല്‍ സഫൂഹ് തേഡ്), അല്‍ സൂഖ് അല്‍ കബീര്‍ (അല്‍ സൂഖ് അല്‍ കബീര്‍ ദുബായ്), സെയ്ഹ് ശുഐബ്-2 (ഇന്‍ഡസ്ട്രിയല്‍ സിറ്റി ഫസ്റ്റ്), സെയ്ഹ് ശുഐബ്-3 (ഇന്‍ഡസ്ട്രിയല്‍ സിറ്റി സെക്കന്‍ഡ്), സെയ്ഹ് ശുഐബ്-4 (ഇന്‍ഡസ്ട്രിയല്‍ സിറ്റി തേഡ്), അല്‍ഥനിയ ഫിഫ്ത് (എമിറേറ്റ്‌സ് ഹില്‍സ് ഫസ്റ്റ്), അല്‍ഥനിയ തേര്‍ഡ് (എമിറേറ്റ്‌സ് ഹില്‍സ് സെക്കന്‍ഡ്), അല്‍ഥനിയ ഫോര്‍ത്ത് (എമിറേറ്റ്‌സ് ഹില്‍സ് തേര്‍ഡ്), അല്‍ ഖീറാന്‍ (ഫെസ്റ്റിവല്‍ സിറ്റി സെക്കന്‍ഡ്), അല്‍ ഹിബിയ്യ ഫിഫ്ത്ത് (ഗോള്‍ഫ് ക്ലബ്), ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഫസ്റ്റ് (ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍), ജബല്‍ അലി ഫസ്റ്റ് (ജ?ബല്‍ അലി വില്ലേജ്), മദീനത്ത് ഹിന്ദ്-1 (ഉമ്മു നഹദ്-1), മദീനത്ത് ഹിന്ദ്-2 (ഉമ്മു നഹദ്-2), മദീനത്ത് ഹിന്ദ്-3 (ഉമ്മു നഹദ്-3), മദീനത്ത് ഹിന്ദ്-4 (ഉമ്മു നഹദ്-4) തുടങ്ങിയവയും പുതിയ പേരുകളില്‍ ഉള്‍പ്പെടുന്നു.