Gulf

ദുബായ് മെട്രോ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങും; പൊതുഗതാഗതം ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു

Published

on

ദുബായ്: പുതുതായി 14 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 30 കിലോമീറ്ററോളം നീളത്തില്‍ നിര്‍മിക്കുന്ന ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. നഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 2024ല്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിവരുന്നതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

2023ലെ ദുബായ് പൊതുഗതാഗത മേഖലയുമായി ബന്ധപ്പെട്ട കണക്കുകളും സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരുടെ എണ്ണവും വിശദീകരിക്കവെയാണ് ദുബായ് മെട്രോ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ താഇര്‍ വ്യക്തമാക്കിയത്.

ദുബായ് മെട്രോ ബ്ലൂ ലൈനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തേ അംഗീകാരം നല്‍കിയിരുന്നു. ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040 പ്രകാരം നഗരത്തിലെ 10 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യം എത്തിക്കുന്നതിനാണ് ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ പറഞ്ഞു.

2028ല്‍ പുതിയ പാതയില്‍ മെട്രോ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2029ല്‍ പൊതുഗതാഗത സര്‍വീസ് ആരംഭിക്കും. 30 കിലോ മീറ്റര്‍ പാതയില്‍ 15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലും 14.5 കിലോമീറ്റര്‍ മുകളിലുമാണ്. മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 14 സ്റ്റേഷനുകളുള്ള പാതയെ ദുബായിലെ പ്രധാന പ്രദേശങ്ങളുമായി ബന്ധിപ്പിക്കും. ചുവപ്പ്, പച്ച ലൈനുകളുമായി ബന്ധിപ്പിക്കുന്ന പാത കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കും.

യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധന
2023ല്‍ ദുബായില്‍ 70.2 കോടി ആളുകള്‍ പൊതുഗതാഗതം ഉപയോഗിച്ചതായി ആര്‍ടിഎ മേധാവി വിശദീകരിച്ചു. ദുബായ് മെട്രോ, പൊതു ബസ്, ദുബായ് ട്രാം, അബ്ര, ഫെറി, വാട്ടര്‍ ടാക്‌സി, വാട്ടര്‍ ബസ്, ടാക്‌സി, ബസ് ഓണ്‍ ഡിമാന്‍ഡ്, റെന്റല്‍ കാര്‍ സേവനങ്ങള്‍ ഉപയോഗിച്ചവരുടെ എണ്ണമാണിത്. പൊതുഗതാഗതം ഉപയോഗിച്ചവരില്‍ 62 ശതമാനവും ദുബായ് മെട്രോ, പൊതു ബസ് യാത്രക്കാരാണ്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 13 ശതമാനം വര്‍ധനവ് ഉണ്ടായി. ജനങ്ങള്‍ പൊതുഗതാഗതം കൂടുതലായി ഉപയോഗപ്പെടുത്തുന്നത് നല്ല സൂചനയാണെന്നും ആര്‍ടിഎ മേധാവി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version