ദുബായ്: വിനോദസഞ്ചാരികളുടെയും നഗര സന്ദര്‍ശകരുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദുബായ് ഫ്രെയിം. ഇവിടെയത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ വിഐപി ടിക്കറ്റുകള്‍ അധികൃതര്‍ പുറത്തിറക്കി.
കൂടുതല്‍ മികച്ച സേവനങ്ങള്‍ വേണമെന്ന് തോന്നുന്നവര്‍ക്ക് 300 ദിര്‍ഹം നിരക്കില്‍ ടിക്കറ്റെടുക്കാം. ഈ ടിക്കറ്റെടുത്ത സന്ദര്‍ശകനെ ടൂര്‍ ഗൈഡ് അനുഗമിക്കും. റിസര്‍വ്ഡ് പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടാം. വിഐപികള്‍ക്കുള്ള സ്വകാര്യ ഗേറ്റിലൂടെ വേഗത്തിലുള്ള പ്രവേശനവും ലഭിക്കും.
അതിഥികള്‍ക്ക് ഏറ്റവും മികച്ചതും ആകര്‍ഷകവുമായ സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി വിഐപി പാക്കേജ് അവതരിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്ക് ആന്റ് എന്റര്‍ടെയിന്‍മെന്റ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ സറൂനി പറഞ്ഞു.
പ്രശസ്തമായ ദുബായ് ഫ്രെയിം 2018 ജനുവരിയിലാണ് തുറന്നത്. ഇതുവരെ 55 ലക്ഷത്തിലധികം സന്ദര്‍ശകരെത്തി. സഅബീല്‍ പാര്‍ക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ദുബായ് ഫ്രെയിം നഗരത്തിന്റെ പഴയകാലം മുതല്‍ ഭാവി വികസനത്തിനായുള്ള അഭിലാഷ പദ്ധതികള്‍ വരെ ആഘോഷിക്കുന്ന സാംസ്കാരിക നാഴികക്കല്ല് നിലയിലാണ് വിബാവനം ചെയ്തിരിക്കുന്നത്.
വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉള്‍പ്പെടെ വര്‍ഷം മുഴുവനും പാര്‍ക്ക് തുറന്നിരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം അനുവദിക്കുന്നത്. റമദാന് മാസത്തിലും അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും സന്ദര്‍ശന സമയത്തില്‍ മാറ്റമുണ്ടാവാറുണ്ട്.
മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹമാണ് സാധാരണ ടിക്കറ്റ് നിരക്ക്. മൂന്ന് മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹമാണ് നല്‍കേണ്ടത്. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ട. അംഗപരിമിതര്‍ക്കും രണ്ട് സഹായികള്‍ക്കും പ്രവേശനം സൗജന്യമാണ്.