Gulf

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് തീയതികള്‍ പ്രഖ്യാപിച്ചു; ഉദ്ഘാടനം ഒക്ടോബര്‍ 28 ശനിയാഴ്ച

Published

on

അബുദാബി: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഏഴാമത് പതിപ്പ് ഒക്ടോബര്‍ 28 ശനിയാഴ്ച ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 26 ഞായറാഴ്ച വരെ തുടരുമെന്നും ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

2017ലാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്‍പര്യപ്രകാരം ആരംഭം കുറിക്കുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനതയുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.

30 ദിവസത്തേക്ക് നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടി. ദുബായിലെ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഉയര്‍ത്തിക്കാട്ടുകയും സ്ഥിരമായ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാന്‍ താമസക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക സമഗ്ര ഫിറ്റ്‌നസ് പദ്ധതിയാണ് ഡിഎഫ്‌സി.

2022ലെ ഡിഎഫ്‌സിയില്‍ 2.2 ദശലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ഷെയ്ഖ് സായിദ് റോഡിലെ ദുബായ് റൈഡില്‍ ഏകദേശം 35,000 സൈക്ലിസ്റ്റുകളും ദുബായ് റണ്ണില്‍ 193,000 ഓട്ടക്കാരും പങ്കാളികളായി. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഫണ്‍ റണ്‍ ആയി ഇത് മാറി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഓട്ടത്തിന് നേതൃത്വം നല്‍കുകയും ഒരിക്കല്‍ക്കൂടി പൊതുജനങ്ങള്‍ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷത്തെ ദുബായ് റൈഡ് നവംബര്‍ 12ന് നടക്കും. ദുബായ് ചലഞ്ച് നവംബര്‍ 26 ന് സമാപിക്കും. ഇവന്റുകളില്‍ പങ്കെടുക്കുന്നവര്‍ ഷെയ്ഖ് സായിദ് റോഡിലെ ദുബായിയുടെ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൂടെ ഓടുകയോ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യും. മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ മിന്നിച്ചും കൈയടിച്ചും ആഹ്ലാദിച്ചും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വിനോദ മത്സരത്തില്‍ പതുവുപോലെ പങ്കുചേരും.

പ്രശസ്തമായ ദുബായ് മാരത്തണിന്റെ 23ാമത് എഡിഷന്റെ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ഏഴ് ഞായറാഴ്ചയാണ് പരിപാടി. നഗരത്തിന്റെ പ്രധാനവീഥികളിലൂടെ കടന്നുപോകുന്ന വിധം റൂട്ടുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. ഇവന്റ് സംഘാടകരും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലും ദുബായ് പോലീസ്, ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) എന്നിവരും തമ്മില്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് റൂട്ടുകള്‍ നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version