ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം യുഎസ് ഡോളർ സമ്മാനം. അതായത് എട്ടര കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിടക്കാണ് സമ്മാനം ലഭിച്ചത്. 36 വയസാണ് ഇദ്ദേഹത്തിന്. സഹോദരനും 9 സുഹൃത്തുക്കളുമൊത്താണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും.
കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഒരോ തവണയും ഒരോ ആളുകളുടെ പേരിൽ ആണ് ടിക്കറ്റെടുക്കുന്നത്. റസ്റ്ററൻ്റ്–സൂപ്പർമാർക്കറ്റുകളുടെ പിആർഒയാണ് ഷംസുദ്ദീൻ. ഭാര്യയും മൂന്ന് മക്കളുമാണ് ഉള്ളത്. ഇവർ നാട്ടിലാണ്. സമ്മാനം ലഭിച്ചത് ജീവിതത്തിൽ വലിയ വഴിത്തിരിവായെന്ന അദ്ദേഹം പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 216–ാമത്തെ ഇന്ത്യക്കാരനാണ് ഷംസീർ എന്ന് അധികൃതർ അറിയിച്ചു.
മറ്റുതെരഞ്ഞെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബിഎംഡബ്ല്യു എക്സ്5 എം50 ഐ കാർ സ്വന്തമാക്കി. ദുബായിൽ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ ടിക്കറ്റെടുത്തത്. കൂടാതെ ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് മോട്ടോർ ബൈക്ക് സ്വന്തമാക്കിയത് ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ ആണ്. റിയൽ എസ്റ്റേറ്റ് കമ്പനിയിൽ വാച്ച്മാൻ ആയ ഇദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് എടുക്കുന്നത്. അതിന് തന്നെ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലന്ന് അദ്ദേഹം പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ തന്നെ മറ്റൊരു നറുക്കെടുപ്പിൽ റാസൽഖൈമ ഫ്രീസോണിൽ കമ്പനി നടത്തുന്ന ഇത്യോപ്യക്കാരനായ ടെക് ലിറ്റ് ടെസ് ഫാക്ക് 10 ലക്ഷം ഡോളർ നേടിയിരുന്നു.