ദുബായ്: ദുബായ് ഡ്രൈവിങ് ലൈസന്‍സ് ഇപ്പോള്‍ 10 മിനിറ്റിനുള്ളില്‍ പുതുക്കാനാവും. നേത്ര പരിശോധന ഒഴികെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് ലൈസന്‍സ് പുതുക്കാവുന്നതാണ്.
നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിഷ്യന്‍ ഷോപ്പ് സന്ദര്‍ശിക്കുകയാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള ആദ്യനടപടിക്രമം. പഴയ നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി പരിശോധന നടത്താം.
യുഎഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ അസ്സല്‍ രേഖ ഈ സമയത്ത് നല്‍കണം. ഒറിജിനല്‍ കൈവശമില്ലെങ്കില്‍, ഈ രണ്ട് ഡോക്യുമെന്റുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ ചില ഷോപ്പുകളില്‍ സ്വീകാര്യമാണ്. സേവനത്തെ അടിസ്ഥാനമാക്കി ഏകദേശം 140 ദിര്‍ഹം മുതല്‍ 180 ദിര്‍ഹം വരെയാണ് നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റിനുള്ള ചെലവ്.
നേത്ര പരിശോധനാ വിവരങ്ങള്‍ ഉടന്‍ തന്നെ ഒപ്റ്റിക്കല്‍ സ്‌പെഷ്യലിസ്റ്റ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പുതുക്കിനല്‍കും. അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, ലൈസന്‍സ് പുതുക്കാന്‍ അറിയിച്ചുകൊണ്ടുള്ള ഒരു എസ്എംഎസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണ്‍ നമ്പറില്‍ ലഭിക്കും.
ഇതിനു ശേഷം പുതുക്കലിനായി അപേക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ഒരു വഴി. ആപ്പിള്‍, ആന്‍ഡ്രോയ്ഡ്, ഹുവായ് ഉപകരണങ്ങള്‍ക്കായി ലഭ്യമായ ‘ആര്‍ടിഎ ദുബായ്’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാം. ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിച്ചോ ടൈപ്പിങ് സെന്ററുകളിലെത്തിയോ അപേക്ഷ നല്‍കാവുന്നതാണ്.
ആര്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുകയാണെങ്കില്‍, സ്‌ക്രീനിന്റെ മുകളിലെ മെനുവില്‍ സൂചിപ്പിച്ചിരിക്കുന്ന ‘ഡ്രൈവര്‍ ആന്റ് കാര്‍ ഓണര്‍’ ക്ലിക്ക് ചെയ്യുക. അടുത്തതായി, ലൈസന്‍സ് ടാബിന് കീഴിലെ ‘അപ്ലൈ ഫോര്‍ റിന്യൂയിങ് എ ഡ്രൈവിങ് ലൈസന്‍സ്’ തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങളുടെ ട്രാഫിക് ഫയലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കാണാനാവും. എമിറേറ്റ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, ട്രാഫിക് കോഡ്, ആര്‍ടിഎ അക്കൗണ്ട് എന്നിവയാണിവ. പ്രമാണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ നിങ്ങളുടെ ലൈസന്‍സില്‍ എന്തെങ്കിലും ബ്ലാക്ക് പോയിന്റുകള്‍ ഉണ്ടോയെന്നും നിങ്ങളുടെ നേത്ര പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ഒരു സംക്ഷിപ്ത വിവരം ലഭ്യമാവും.
തുടര്‍ന്ന് ‘നെക്‌സ്റ്റ്’ ക്ലിക്ക് ചെയ്ത് പുതുക്കിയ ലൈസന്‍സ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഡെലിവറി രീതി തിരഞ്ഞെടുക്കണം. കിയോസ്‌ക്, കളക്ഷന്‍, കൊറിയര്‍, ഇ-ഡോക്യുമെന്റ് എന്നിവയിലൊന്നാണ് ക്ലിക്ക് ചെയ്യേണ്ടത്.
ആര്‍ടിഎ ദുബായ് എന്ന ആപ്പ് വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍, പ്രത്യേകിച്ച് യുഎഇ പാസ് അക്കൗണ്ടും ആര്‍ടിഎ അക്കൗണ്ടും സജ്ജീകരിക്കണം. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു മിനിറ്റിനുള്ളില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ ലഭിക്കും. ഇതിന്റെ പകര്‍പ്പ് എടുത്ത് സൂക്ഷിച്ചാല്‍ മതി.
ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രമോ കിയോസ്‌കോ സന്ദര്‍ശിച്ചും എളുപ്പത്തില്‍ ലൈസന്‍സ് പുതുക്കാം. ഇവിടെ നിന്ന് ഡ്രൈവിങ് ലൈസന്‍സ് തല്‍ക്ഷണം നേരിട്ട് ലഭിക്കുകയും ചെയ്യും. വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ലൈസന്‍സ് പുതുക്കുമ്പോള്‍ ഫിസിക്കല്‍ കോപ്പി ലഭിക്കാന്‍ കൊറിയര്‍ ചെയ്യേണ്ടിവരും. ഇതിനുള്ള സേവന നിരക്കുകള്‍ നല്‍കണം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനു മുമ്പ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പിഴയുണ്ടെങ്കില്‍ അവ അടച്ചുതീര്‍ക്കേണ്ടതുണ്ട്.