Gulf

ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്

Published

on

ദുബായ് : ബസ്സപകടത്തിൽപെട്ട് മരണം സംഭവിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹംസ് (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്.

2020 ജൂലൈ 12 ന് ദുബൈ ശൈഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ് ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധമൂലം സിമന്റ് ബരിയറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർ മരണപ്പെടുകയും ബാക്കി 12 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ആവശ്യമായ മുന്‍കരുതലെടുക്കാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാകിസ്ഥാന്‍ സ്വദേശിക്കെതിരെ ദുബായ് പോലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതിനു ശേഷം കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഇയാൾക്ക് മൂന്ന് മാസം തടവും ആയിരം ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹംസ് ദിയധനവും നൽകാൻ വിധിച്ചു.

എന്നാല്‍ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ ടെക്‌നീഷ്യന്‍ വിദഗ്ധനെ നിയമിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധയല്ല അപകടകാരണമെന്ന് ടെക്‌നീഷ്യന്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിടുകയായിരുന്നു.

കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം തങ്ങൾക്കർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരേയും സമീപിച്ചെങ്കിലും പ്രതിയെ ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാഹത്തുക ലഭ്യമാകില്ലെന്ന് പറഞ്ഞു ഇവരുടെ കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു.

ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് എബിയുടെ കുടുംബം കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളി പോകുകയായിരുന്നു.

3 വർഷങ്ങൾക്കിപ്പുറം ഇതേ അപകടത്തിൽപെട്ട ചില ആളുകളുടെ കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്ത വിവരം അറിയാനിടയായ എബിയുടെ കുടുംബാംഗം പോൾ ജോർജ് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. എബിയുടെ കുടുംബത്തിന്റെ പ്രതിസന്ധി മനസിലാക്കിയ അദ്ദേഹം കേസ് റീ ഓപ്പണ്‍ ചെയ്യുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചു. അപകടത്തില്‍ പെട്ട ബസ്സ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി.

മരണ സർട്ടിഫിക്കറ്റ്, ആക്സിഡന്റ് റിപ്പോർട്ട്, ക്രിമിനൽ വിധി പകർപ്പും അത് അന്തിമമാണെന്നതിനുള്ള സർട്ടിഫിക്കറ്റ്, വാഹനത്തിന്റെയും പരാതിക്കാരുടെ അനന്തരാവകാശം ഉറപ്പ് നൽകുന്ന രേഖകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകളുമായാണ് എബിയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായത്.

രേഖകൾ സൂക്ഷ്മമായി നിരീക്ഷിച്ച കോടതിക്ക് അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നും ഇത് പരാതിക്കാരുടെ അനന്തരവകാശിയുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. അത് കൊണ്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹംസ് (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version