ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം യാത്രക്കാരെത്തിയത് ഇന്ത്യയില്‍ നിന്ന്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ 89 ലക്ഷം ഇന്ത്യക്കാരുടെ കാല്‍പ്പാടുകളാണ് ഇവിടെ പതിഞ്ഞത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യസ്ഥാനമായി ഡിഎക്‌സ്ബി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കാര്‍ ഏറ്റവുമധികം ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ. 35 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ഉപജീവന മാര്‍ഗം തേടുന്നു. ഇതിനു പുറമേ ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ കണക്ഷന്‍ ഫ്‌ളൈറ്റുകളുടെ ഹബ്ബായും ദുബായ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നു.
ഇന്ത്യ കഴിഞ്ഞാല്‍ സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ദുബായിലെത്തിയത്. 48 ലക്ഷം യാത്രക്കാരുമായി സൗദി രണ്ടാംസ്ഥാനത്തും 44 ലക്ഷം യാത്രക്കാരുമായി ബ്രിട്ടണ്‍ മൂന്നാംസ്ഥാനത്തുമാണ്. പാകിസ്ഥാന്‍ (31 ലക്ഷം), യുഎസ് (27 ലക്ഷം), റഷ്യ (18 ലക്ഷം) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ദുബായിലേക്കുള്ള യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നാണ്. 27 ലക്ഷം പേര്‍. 19 ലക്ഷം പേരുമായി റിയാദും 18 ലക്ഷം യാത്രക്കാരുമായി മുംബൈയും 17 ലക്ഷം പേരുമായി ജിദ്ദയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഈ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 8.68 കോടിയെത്തുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് ശക്തമാവുന്നതിന് മുമ്പ് ലഭിച്ച യാത്രക്കാരേക്കാള്‍ കൂടുതലായിരിക്കും ഇത്. 2019ല്‍ 8.63 കോടി യാത്രക്കാരെയാണ് ഡിഎക്‌സ്ബിക്ക് ലഭിച്ചത്. ഈ വര്‍ഷം 8.5 കോടി യാത്രക്കാരെത്തുമെന്നായിരുന്നു വിമാനത്താവള അധികൃതര്‍ നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകൂട്ടിയതിനേക്കാള്‍ യാത്രക്കാര്‍ എത്തിയെന്നും 8.68 കോടിയായി ഉയരുമെന്നും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
‘ഞങ്ങളുടെ പ്രാരംഭ പ്രവചനങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെയത്തി. കൊവിഡിന് മുമ്പുള്ള ഏറ്റവും വലിയ സംഖ്യ മറികടക്കാന്‍ ഒരുങ്ങുന്നു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്- പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി ആഗോള ഇവന്റുകള്‍ യുഎഇയില്‍ വരാനിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയാണ് ഉടനെ നടക്കാനിരിക്കുന്ന മെഗാ ഇവെന്റ്. കോപ്-28 എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് 70,000 സന്ദര്‍ശകരെ രാജ്യം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ദുബായ് എയര്‍ഷോ, നവംബര്‍ 20 തിങ്കളാഴ്ച നടക്കുന്ന വ്യോമയാന ഇന്ധനങ്ങളും ബദല്‍ ഇന്ധനങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സ് എന്നിവ കൂടി നടക്കുന്നതിനിലാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത്.
ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 2.29 കോടി യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലെത്തി. 2019ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ ട്രാഫിക് ആണിത്. 2022 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 39.3 ശതമാനവും 2019നേക്കാള്‍ ഒരു ശതമാനവും വര്‍ധിച്ചു. ഈ വര്‍ഷം നാലാം പാദത്തിലും 2024 ലും റെക്കോഡ് യാത്രക്കാരെയാണ് ദുബായ് എയര്‍പോര്‍ട്ട്് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 12 കോടി എത്തിയാല്‍ പുതിയ വിമാനത്താവളം വേണ്ടിവരുമെന്നതിനാല്‍ അതിനുള്ള പ്രവര്‍ത്തനങ്ങളും ദുബായ് തുടങ്ങിക്കഴിഞ്ഞു. 2030ല്‍ നിലവിലുള്ളതിനേക്കാള്‍ വലിയ വിമാനത്താവളം സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന്റെ രൂപകല്‍പന നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് വികസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആസൂത്രണം.