Gulf

യുഎഇയിലെ മയക്കുമരുന്ന് കേസുകളില്‍ പകുതിയും ദുബായില്‍; മൂന്നു മാസത്തിനിടെ 491 കിലോ മയക്കുമരുന്നും 33 ലക്ഷം ഗുളികകളും

Published

on

ദുബായ്: യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ പകുതിയും ദുബായില്‍. 2023 രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 491 കിലോഗ്രാം മയക്കുമരുന്നും 3.3 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുമാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്.

രാജ്യത്തുടനീളമുള്ള മൊത്തം അറസ്റ്റുകളില്‍ 49.6 ശതമാനവും ഇക്കാലയളവില്‍ ദുബായിലാണെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി നാര്‍ക്കോട്ടിക് വിലയിരുത്തി. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയുടെ അധ്യക്ഷതയില്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി നാര്‍ക്കോട്ടിക് പെര്‍ഫോമന്‍സ് അവലോകന യോഗത്തിലാണ് ഈ കണ്ടെത്തല്‍.

കൊക്കെയ്ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, മരിജുവാന, ഹാഷിഷ്, വിവിധതരം മയക്കുമരുന്ന് ഗുളികകള്‍ എന്നിവ പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിലും മയക്കുമരുന്ന് വിതരണവും ഡീലര്‍മാരെ പിടികൂടലും ഫലപ്രദമായി നടക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും ലെഫ്റ്റനന്റ് ജനറല്‍ അല്‍ മാരി പറഞ്ഞു.

ഈ വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഓസ്‌ട്രേലിയ, യുകെ, സൗദി അറേബ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളുമായി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സുപ്രധാനമായ 50 വിവരങ്ങള്‍ പങ്കിടാന്‍ ദുബായ് പോലീസിന് സാധിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെ 28 പ്രതികളെ പിടികൂടാനും ഖാത്ത്, കൊക്കെയ്ന്‍, മരിജുവാന, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ 431 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചു.

മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 560 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മൂന്ന് മാസത്തിനിടെ കണ്ടെത്തി ബ്ലോക്ക് ചെയ്തു. മയക്കുമരുന്നിനെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാനും ദുബായ് പോലീസിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം ശ്രമംനടത്തിവരുന്നു. 2023 ലെ രണ്ടാം പാദത്തില്‍ 20 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 28,000 വിദ്യാര്‍ത്ഥികള്‍ക്ക് 71 വിദ്യാഭ്യാസ, കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലൂടെ ബോധവല്‍ക്കരണം നടത്തി. ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version