Gulf

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

Published

on

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പൗരന്‍മാരായ ഇമാദ് മഹ്മൂദ് ഹുസൈന്‍, മുസ്തഫ മഹ്മൂദ് ഹുസൈന്‍ എന്നിവര്‍ സൗദി അറേബ്യയിലേക്ക് മയക്കുമരുന്നായ ആംഫെറ്റാമിന്‍ ഗുളികകള്‍ കടത്തുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് പ്രസ്താവന വ്യക്തമാക്കി. പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് വിചാരണ നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇത്തരം കേസുകളില്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

മേയ് 11 ശനിയാഴ്ച തബൂക്ക് മേഖലയില്‍ വച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതെന്ന് പോലിസ് അറിയിച്ചു. എല്ലാത്തരം മയക്കുമരുന്നുകളും വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് അവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിറിയയില്‍ നിന്ന് ജോര്‍ദാന്‍ വഴി ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്തുന്നത് മേഖലയെ ഒന്നാകെ ഏറെ കാലമായി അലട്ടുന്ന ഒരു സങ്കീര്‍ണ വിഷയമാണ്. സിറിയന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് കള്ളക്കടത്ത് വിരാമമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ മാര്‍ച്ച് അവസാനം, സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, ദുബ തുറമുഖത്തേക്ക് വിദേശത്ത് നിന്ന് വന്ന പച്ചക്കറി സാധനങ്ങളില്‍ ഒളിപ്പിച്ചുവച്ച 10 ലക്ഷത്തിലധികം ‘ക്യാപ്റ്റഗണ്‍’ എന്ന മരുന്ന് ഗുളികകള്‍ പിടികൂടിയിരുന്നു. തങ്ങളുടെ പ്രദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനു പിന്നില്‍ ആരാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സിറിയന്‍ ഭരണകൂടമാണ് മയക്കുമരുന്ന് ഗുളികകളുടെ പ്രധാന ഉറവിടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് പരിഹാരം കാണാന്‍ ”ജോര്‍ദാനിയന്‍ ഇനിഷ്യേറ്റീവ്” ഇതില്‍ പേരില്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും ഫലവത്തായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version