Gulf

യുഎഇയില്‍ ഹോം ഡെലിവറിക്ക് ഡ്രോണുകള്‍: ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് മൂന്നാഴ്ചത്തെ പരീക്ഷണം തുടങ്ങി

Published

on

അബുദാബി: യുഎഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നത് വ്യാപിപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കം കുറിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ (ഡിഎസ്ഒ) വിവിധ ഉപഭോക്തൃ വസ്തുക്കള്‍ ഡ്രോണുകള്‍ സുരക്ഷിതവുമായി വിതരണം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു.

യുഎഇ ആസ്ഥാനമായുള്ള ലോജിസ്റ്റിക് സേവന ദാതാക്കളായ ജീബ്ലി കമ്പനിയും ഇന്ത്യയിലെ ഹരിയാനയിലുള്ള ഡ്രോണ്‍ നിര്‍മാണ കമ്പനിയായ സ്‌കൈ എയര്‍ മൊബിലിറ്റിയും ചേര്‍ന്നാണ് മൂന്നാഴ്ചത്തെ പരീക്ഷണ സേവനം ആരംഭിച്ചത്. ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (ബിവിഎല്‍ഒഎസ്) എന്ന പേരിലാണ് ഡ്രോണ്‍ ഡെലിവറി ട്രയല്‍സിന് ദുബായില്‍ തുടക്കമിട്ടത്.

ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബായ് സിലിക്കണ്‍ ഒയാസിസ് അധികൃതര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരീക്ഷണ ദൗത്യം ആരംഭിച്ചത്. സ്‌കൈ ഷിപ്പ് വണ്‍ എന്ന ഡ്രോണുകളില്‍ കണക്റ്റിവിറ്റി സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം എന്നിവയ്ക്ക് പുറമേ പാരച്യൂട്ട്, കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുന്നു.

ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഡെലിവറി ബോക്‌സുകളിലാണ് വിതരണം ചെയ്യുന്നതിനുള്ള ചരക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. സാധനങ്ങളുമായി ഡ്രോണ്‍ പറന്നുയരുന്നതും (ടേക്ക്ഓഫ്) ആകാശത്തുകൂടി സഞ്ചരിക്കുന്നതും നിയുക്ത സ്ഥലത്ത് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. മരുന്നുകളും മറ്റ് ചില അവശ്യ സാധനങ്ങളും നേരത്തേ ഇതേ രീതിയില്‍ ഡ്രോണുകള്‍ വിതരണം ചെയ്തിരുന്നു.

ഡിഎസ്ഒയിലെ ദുബായ് എക്‌സ്‌പെരിമെന്റല്‍ സോണിലാണ് പരീക്ഷണം നടന്നത്. റോബോട്ടിക്‌സിന്റെയും ഇത്തരം നൂതന സംവിധാനങ്ങളുടെയും വികസനം, വിലയിരുത്തല്‍, പ്രദര്‍ശനം എന്നിവയ്ക്കായുള്ള ആഗോള പരീക്ഷണ കേന്ദ്രമായി സോണ്‍ പ്രവര്‍ത്തിക്കുന്നു. ഡ്രോണ്‍ ഗതാഗതം സാധ്യമാക്കുന്നതിനുള്ള ദുബായ് പ്രോഗ്രാമിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണം 2021 നവംബറിലാണ് സോണ്‍ സ്ഥാപിച്ചത്.

ഭാവിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വാണിജ്യ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ ഇപ്പോഴത്തെ പ്രാരംഭ പരീക്ഷണങ്ങളുടെ വിജയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ഏവിയേഷന്‍ സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് ഹസന്‍ ബെല്‍ഖൈസി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version