Gulf

ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട

Published

on

അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല.

യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അബുദാബി ഉൾപ്പെടെ ഏതു എമിറേറ്റിലുള്ളവർക്കും ഇതുപോലെ ഡ്രൈവിങ് ലൈസൻസ് എടുക്കാവുന്നതാണ്.

സാധാരണ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കണമെങ്കിൽ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിയറി, പ്രാക്ടിക്കൽ പരിശീലനത്തിനുശേഷം 3 ടെസ്റ്റ് (തിയറി, പാർക്കിങ്, റോഡ്) വിജയിക്കണം. ഇതിനു വൻതുക ചെലവു വരും.

ഗോൾഡൻ വീസക്കാർ തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റുകൾ എന്നിവയ്ക്ക് നേരിട്ടു ഹാജരായി പാസായാൽ ലൈസൻസ് നൽകും. അതിനാൽ ടെസ്റ്റിനുള്ള തുക മാത്രം അടച്ചാൽ മതി.  ‌

അപേക്ഷിക്കാം

ആർടിഎയുടെ വെബ്സൈറ്റിൽ (www.rta.ae) ഓൺലൈനായോ അല്ലെങ്കിൽ അൽഅഹ് ലി ഡ്രൈവിങ് സെന്റർ, ബെൽഹസ  ഡ്രൈവിങ് സെന്റർ, ബെൽഹസ  ഡ്രൈവിങ് സെന്റർ, ദുബായ് ഡ്രൈവിങ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഡ്രൈവിങ് സെന്റർ, ഗലദാരി മോട്ടോർ  ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് സെന്റർ, എക്സലൻസ് ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിൻ ദാബർ ഡ്രൈവിങ് സെന്റർ എന്നീ അംഗീകൃത കേന്ദ്രങ്ങളിലൂടെയോ ലൈസൻസിന് അപേക്ഷിക്കാം.

ഫീസ്

∙ 21 വയസ്സിനു താഴെയുള്ളവർക്ക് 100 ദിർഹം.

∙ 21 വയസ്സിനു മുകളിലുള്ളവർക്ക് 300 ദിർഹം.

ഓൺലൈൻ നടപടിക്രമം

∙ വെബ്സൈറ്റിൽ (www.rta.ae) പ്രവേശിച്ച് സർവീസസ് മെനുവിൽ നിന്ന് ഡ്രൈവേഴ്സ് ആൻഡ് കാർ ഓണർ സർവീസിൽ പ്രവേശിക്കുക.

∙ അപ്ലേ ഫോർ എ ന്യൂ ഡ്രൈവിങ് ലൈസൻസിൽ ക്ലിക് ചെയ്യുക. വിവരങ്ങൾ ‍നൽകിയ ശേഷം അപ്ലേ നൗ ക്ലിക് ചെയ്യുക. എമിറേറ്റ്സ് ഐഡി നമ്പർ  നൽകുക.

∙ എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുക മാതൃരാജ്യത്തെ ലൈസൻസിന്റെ പകർപ്പ് അപ് ലോഡ് ചെയ്യുക.

∙ റോഡ് ടെസ്റ്റിനുള്ള തീയതി തിരഞ്ഞെടുക്കുക ഫീസും അടയ്ക്കുക.

ആവശ്യമുള്ള രേഖകൾ

∙ മാതൃരാജ്യത്തെ ലൈസൻസ്/കോപ്പി.

∙ തിയറി, റോഡ് ടെസ്റ്റ് ഫലം.

∙ എമിറേറ്റ്സ് ഐഡി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version