Sports

ഇനി ഇന്ത്യയിലെ ​ഗ്രൗണ്ടിനെ കുറിച്ച് മിണ്ടരുത്; രോഹിത് ശർമ്മ

Published

on

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഐസിസിക്കെതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമാണ് കേപ്ടൗണിൽ നടന്നത്. ആകെ വീണ 33 വിക്കറ്റുകളിൽ 32ഉം പേസർമാർ സ്വന്തമാക്കി. ഒരാൾ റൺഔട്ടായി. പേസർമാർക്ക് അമിത പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് മത്സരം രണ്ട് ദിവസത്തിലേക്ക് ചുരുങ്ങിയത്. ഇതാണ് രോഹിതിന്റെ വിമർശന കാരണം.

കേപ്ടൗൺ ടെസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു. ഇത്തരം പിച്ചുകളിൽ കളിക്കുന്നതിന് തനിക്ക് പ്രശ്നമില്ല. പക്ഷേ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. ദക്ഷിണാഫ്രിക്കയിൽ കളിക്കുവാൻ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാണ്. അതുപോലെ ഇന്ത്യയിൽ എത്തുമ്പോൾ വിദേശ ടീമുകളും ബുദ്ധിമുട്ടുമെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.

ഇന്ത്യയിൽ ആദ്യ ദിവസം തന്നെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നു. അപ്പോൾ മോശം പിച്ചെന്ന് ആരോപണമുയരുന്നു. ഏകദിന ലോകകപ്പ് ഫൈനലിന് വേദിയായ ​സ്റ്റേഡിയം മോശമെന്ന് പറഞ്ഞത് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ലോകകപ്പിന്റെ ഫൈനലിൽ ഒരു താരം സെഞ്ചുറി നേടിയതല്ലേ. എന്നിട്ടും ആ ​ഗ്രൗണ്ട് മോശമെന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്നും രോഹിത് ചോദിച്ചു.

പിച്ചുകളുടെ നിലവാരം രേഖപ്പെടുത്തുന്നത് എങ്ങനെയെന്ന് അറിയാൻ തനിക്ക് ആ​ഗ്രഹമുണ്ട്. മുംബൈയെയും ബെംഗളൂരുവിനെയും അളക്കുന്നതുപോലെ സെഞ്ചുറിയനും കേപ്ടൗണിനെയും കാണണം. നിഷ്പക്ഷമായ റേറ്റിം​ഗിനെ താൻ എതിർക്കുന്നില്ലെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version