India

‘മുത്തലാഖ് ചൊല്ലി’, വിദേശ യാത്രക്കൊരുങ്ങിയ ഡോക്ടർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Published

on

ബെംഗളൂരു: മുത്തലാഖിലൂടെ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡല്‍ഹി പോലീസാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുകെ യാത്രക്കായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു 40കാരനായ ഡോക്ടര്‍. യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതി 36കാരിയായ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി യുവതി ഡല്‍ഹി കല്യാണ്‍പുരി പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്ന് വ്യക്തമായി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചതില്‍ നിന്നാണ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും.

2018ലാണ് ഡോക്ടറായ പ്രതിയും പരാതിക്കാരിയും തമ്മില്‍ പരിചയപ്പെടുന്നത്. 2020ല്‍ ഇരുവരും വിവാഹിതരായി. ദമ്പതികള്‍ക്ക് കുട്ടികളില്ല. ഇരുവരും പരിചയപ്പെടുന്ന സമയത്ത് ഉപരിപഠനത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു പ്രതി. പ്രതിയുടെ നിര്‍ബന്ധപ്രകാരമാണ് 2020ല്‍ ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ലാജ്പത് നഗറിലെ ഒരു വാടക വീട്ടിലേക്ക് ഇരുവരും താമസം മാറി. ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലായിരുന്നു ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനെന്ന വ്യാജേന ഡോക്ടര്‍ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. ഇതോടെ ഭർത്താവിന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി യുവതി ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭര്‍ത്താവിന്റെ പുതിയ താമസസ്ഥലത്ത് എത്തിയ യുവതി പ്രതി അവിടെ മറ്റൊരു സ്ത്രീക്കൊപ്പമാണ് ജീവിക്കുന്നതെന്ന് മനസിലാക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുമായി ഭര്‍ത്താവിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കല്യാണ്‍പുരി പോലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് മുത്തലാഖ് ചൊല്ലി തന്നെ ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. 2019 ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മുത്തലാഖ് ബിൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version