Gulf

സൗദിയില്‍ കടകളില്‍ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ട; പകരം ഏകീകൃത ബാര്‍കോഡ്

Published

on

റിയാദ്: വാണിജ്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ അധികൃതര്‍ അനുവദിക്കുന്ന ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. ഇതിനു പകരം ഏകീകൃക ഇലക്ട്രോണിക് ബാര്‍ കോഡ് മതിയാവും. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ബാര്‍കോഡ് റീഡ് ചെയ്താല്‍ ലഭ്യമാകുന്ന സംവിധാനം വാണിജ്യ മന്ത്രാലയം ആവിഷ്‌കരിച്ചു.

വിവിധതരം ലൈസന്‍സ് കോപ്പികള്‍ കടകളിലും വാണിജ്യ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ അഭംഗിയും പ്രയാസവും ഇല്ലാതാക്കുന്നതിനൊപ്പം പരിശോധനാ സംവിധാനം പരിഷ്‌കരിക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നതിനാണ് ബാര്‍ കോഡ് സംവിധാനം ആവിഷ്‌കരിച്ചത്.

വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ക്ക് പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതിയെന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു. വാണിജ്യസ്ഥാപനങ്ങളുടെ ഡാറ്റകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് ഒരു പോയിന്റിലേക്ക് കേന്ദ്രീകരിക്കുന്ന പദ്ധതിയാണിത്. വിവിധ മന്ത്രാലയങ്ങളുടെ പരിശോധകര്‍ക്ക് കോഡ് സ്‌കാന്‍ ചെയ്താല്‍ അനായാസം വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. സ്‌കാന്‍ ചെയ്യുന്നതോടെ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ മൊബൈലിലും ടാബുകളിലും ലഭിക്കും.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബലദിയ സര്‍ട്ടിഫിക്കറ്റ്, വാറ്റ് സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏകീകൃത കോഡില്‍ ഒന്നാംഘട്ടത്തില്‍ ലഭ്യമാവുക. അടുത്ത ഘട്ടത്തില്‍ മറ്റു ലൈസന്‍സുകളും ഇതില്‍ ഉള്‍പ്പെടുത്തും. വാണിജ്യമന്ത്രാലയത്തിന്റെ സൗദി ബിസിനസ് സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് ഇലക്ടോണിക് കോഡ് ലഭ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version