Gulf

ഉപയോഗിക്കാത്ത സ്‌കൂളുകള്‍ തടങ്കല്‍പാളയമാക്കുന്നു; താമസ നിയമലംഘകരെ സഹായിക്കുന്നവരെയും നാടുകടത്തുമെന്ന് കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി: താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്‍കുന്ന പ്രവാസികളെയും നാടുകടത്താനൊരുങ്ങി കുവൈറ്റ്. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തൊഴില്‍മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ തുടര്‍ച്ചയായാണ് നടപടി. പിടിക്കപ്പെടുന്ന നിയമലംഘകരെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാത്ത സ്‌കൂളുകള്‍ വിട്ടുനല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണയുണ്ടാക്കി.

ജിലീബ് അല്‍ ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകളെ തടങ്കല്‍പാളയമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന നിയമലംഘനങ്ങള്‍ പരിഹരിക്കുക മാത്രമല്ല, നിലവിലെ പോലീസ് ലോക്കപ്പുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമുള്ള തിരക്ക് ലഘൂകരിക്കാന്‍ കൂടിയാണ് സ്‌കൂള്‍ കെട്ടിടം വിട്ടുകൊടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയ ശേഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുതിയ ആവശ്യത്തിനായി കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കും.

താമസനിയമലംഘകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് സ്വദേശികളും വിദേശികളും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. കുവൈറ്റിലെ വ്യക്തികളോ സ്ഥാപനങ്ങളോ ഇതില്‍ പങ്കാളികളായാല്‍ കര്‍ശനനിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നാണ് മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദും മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും ഇതുസംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഒന്നര ലക്ഷം താമസനിയമലംഘകരെ പിടികൂടി നാടുകടത്താനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി നിയമലംഘകര്‍ കൂടുതല്‍ താമസിക്കുന്ന ജലീബ് അല്‍ ഷുയൂഖ്, ഖൈതാന്‍, ഫര്‍വാനിയ, മഹ്ബൂല, അംഘറ, അല്‍ മസ്‌റ, അല്‍ ജവാഹിര്‍ എന്നിവയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കും.

നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് എംബസികളുമായുള്ള ഏകോപനം സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും തമ്മില്‍ സഹകരണം ശക്തമാക്കും. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് കാലതാമസമില്ലാതെ എംബസികള്‍ ഇവ ലഭ്യമാക്കിയാല്‍ മാത്രമാണ് നാടുകടത്തല്‍ നടപടികള്‍ സുഗമമാവുക.

നിയമലംഘകരായി കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കുവൈറ്റ് കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനായി പരിശോധന ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനും തൊഴില്‍ മേഖല നിയമാനുസൃതമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര ന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 25,000ത്തിലധികം പ്രവാസികളെയാണ് കുവൈറ്റ് നാടുകടത്തിയത്. ആഗസ്ത് 19 വരെയുള്ള കണക്കാണിത്. പതിവ് പരിശോധന തുടര്‍ന്നാല്‍ തന്നെ 2023 അവസാനത്തോടെ നാടുകടത്തപ്പെടുന്നവരുടെ എണ്ണം 35,000 കടക്കും. ഇവരില്‍ ഭൂരിഭാഗം പേരും താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം പ്രവാസികളാണ്. വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തൊഴില്‍രംഗം നിയമാനുസൃതമാക്കാനുമാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version