മക്ക: സൗദി അറേബ്യയില്‍ തൊഴിലുടമ നല്‍കിയ കേസില്‍ കുരുങ്ങി ഒരു മാസത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന മലയാളികള്‍ക്ക് മോചനം. മക്ക കെഎംസിസിയുടെ ഇടപെടല്‍ മൂലമാണ് മോചനം സാധ്യമായത്.
വയനാട് സ്വദേശികളായ സുബൈറും ജംഷീറുമാണ് സ്‌പോണ്‍സറുമായുണ്ടായ തര്‍ക്കങ്ങള്‍ മൂലം കേസില്‍ പെട്ട് മക്കയിലെ ശറായ പോലീസ് സ്റ്റേഷനില്‍ ഒരു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞത്. നാട്ടില്‍ നിന്ന് മുസ്ലിം ലീഗ് നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം കെഎംസിസി നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയയും മക്ക കെഎംസിസി ഉപാധ്യക്ഷനും ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ അംഗവുമായ നാസര്‍ കന്‍സാറയും സൗദി സ്‌പോണ്‍സറുമായി നടത്തിയ അനുരഞ്ജന ശ്രമം ഫലം കാണുകയായിരുന്നു. ഒരാഴ്ച സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ട് നടത്തിയ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്.
ഇവരുടെ പേരിലുള്ള മുഴുവന്‍ കേസുകളും സ്‌പോണ്‍സര്‍ പിന്‍വലിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇരുവരെയും മോചിപ്പിക്കുകയും സ്‌പോണ്‍സര്‍ എക്‌സിറ്റ് വിസ അനുവദിക്കുകയും ചെയ്തു. മോചനം സാധ്യമാക്കിയ ശേഷം കെഎംസിസി നേതാക്കള്‍ സ്‌പോണ്‍സറെ സന്ദര്‍ശിക്കുകയും ചെയ്തു.
ആരും സഹായിക്കാനില്ലാതെ ഒരു മാസത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന സുബൈറും ജംഷീറും കേസ് ഒത്തുതീര്‍പ്പാക്കി എക്‌സിറ്റ് വിസ ലഭ്യമാക്കിയ കെഎംസിസി നേതാക്കള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. എല്ലാ തിരക്കുകളും മാറ്റിവെച്ച് നേതാക്കള്‍ ഒരാഴ്ചയോളം വിശ്രമമില്ലാതെ പരിശ്രമിച്ചതിലൂടെയാണ് തങ്ങളുടെ ജയില്‍മോചനം സാധ്യമായതെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.