ഖത്തർ: ഗാർഹിക മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിന് പുതിയ ചട്ടങ്ങളുമായി ഖത്തർ. സാധാരണ ഗാർഹിക മാലിന്യങ്ങൾ പൊതുമലിനജലത്തിൽ നിക്ഷേപിക്കരുത്. കൂടാതെ ഗാർഹിക മാലിന്യങ്ങൾ മെഡിക്കൽ മാലിന്യങ്ങളിലും നിക്ഷേപിക്കരുതെന്ന് പുതിയ നിർദേശത്തിൽ പറയുന്നു.
വീടുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ക്യാംപുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ വേറെയായിരിക്കും വെക്കേണ്ടത്. മെഡിക്കൽ സാമഗ്രികളുടെ മാലിന്യങ്ങളുമായി ഇത് കൂട്ടിക്കുഴക്കരുത്. ഗാർഹിക മെഡിക്കൽ മാലിന്യങ്ങളുടെ സുരക്ഷിത നിർമാർജനത്തിനായി പാലിക്കേണ്ട ചട്ടങ്ങൾ ഇവയാണ്.
ഖര മാലിന്യങ്ങൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, തുടങ്ങിയവ സാധാരണ ഗാർഹിക മാലിന്യങ്ങൾ അല്ലെങ്കിൽ പൊതു മലിനജലത്തിലേക്ക് നിക്ഷേപിക്കാൻ പാടില്ല. മാലിന്യം ശേഖരിക്കുന്നവരിൽ അണുബാധ ഉണ്ടാക്കാൻ ഇത് കാരണമാകും. പരിസ്ഥിതി മലിനീകരണത്തിനും ഇത് കാരണമാകും. മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കും. ഇവ നിർമാർജനം ചെയ്യുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ മാലിന്യങ്ങൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന കണ്ടെയ്‌നറുകളിൽ നിക്ഷേപിക്കണം. ഇതിന് ശേഷം ഹെൽത്ത് സെന്ററിന് കൈമാറണം. മെഡിക്കൽ മാലിന്യ നിർമാർജന സംവിധാനം ശക്തമാക്കാൻ വേണ്ട നടപടികൾ ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
രോഗം പകരുന്ന മെഡിക്കൽ മാലിന്യങ്ങളും ഖര മാലിന്യങ്ങളും വളരെ സുരക്ഷയോടെ മാത്രം കെെകര്യം ചെയ്യുക. ദ്വാരങ്ങളോ ചോർച്ചയോ ഇല്ലാത്ത കണ്ടെയ്‌നറുകളിലാക്കി മാത്രം ഇത് നിക്ഷേപിക്കാൻ പാടുള്ളു.
കണ്ടെയ്‌നർ നല്ലതു പോലെ അടച്ചുമാത്രം നിക്ഷേപിക്കുക. കണ്ടെയ്‌നറിന്റെ പുറംഭാഗത്ത് മാലിന്യങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. മെഡിക്കൽ മാലിന്യം നിർമാർജനം അനുവദിച്ച സ്ഥലങ്ങളിൽ മാത്രം ഇത് നിക്ഷേപിക്കുക. പുനരുപയോഗ മാലിന്യ കണ്ടെയ്‌നറിൽ ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
ചുമയ്ക്കുള്ള മരുന്നുകൾ, ഫ്ലൂയിഡുകൾ, ഉപ്പു കലർന്ന ഡ്രോപ്‌സുകൾ, ഞരമ്പുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾ, എന്നിവ നഗരസഭയുടെ മാലിന്യ നിക്ഷേപ കണ്ടെയ്‌നറുകളിൽ ഇടാൻ പാടില്ല. ഫാർമസ്യൂട്ടിക്കൽ മാലിന്യം എന്ന ലേബൽ പതിച്ച് ദ്വാരങ്ങളോ ചോർച്ചയോ ഇല്ലാത്ത കണ്ടെയ്‌നറുകളിൽ മാത്രം നിക്ഷേപിക്കുക.