Kerala

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

Published

on

കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കം.

1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിച്ചത്. യഥാർത്ഥ പേര് സിദ്ദിഖ് ഇസ്മായിൽ എന്നാണ്. കളമശ്ശേരി സെന്റ് പോൾസ് കോളേജിലായിരുന്നു വിദ്യാഭ്യാസം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തിൽ തന്നെയാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേർന്നെഴുതുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ആധാരമായതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയായിരുന്നു.

1989ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് റാംജി റാവു സ്‌പീക്കിങ് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകരായി. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായി.

കൂട്ടുകെട്ട് വേർപിരിഞ്ഞതിന് ശേഷം 1996ൽ ഹിറ്റ്ലർ എന്ന ചിത്രം സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തു. പിന്നീട് ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്കൽ. കിങ്ങ് ലയർ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ ഒരുക്കി.

ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ് തുടങ്ങിയ സിനിമകൾ സിദ്ദഖിൻ്റെ സംവിധാനത്തിൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. സൽമാൻ ഖാൻ നായകനായ ബോഡി ഗാർഡിന്റെ ഹിന്ദി പതിപ്പ് ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിലും ഇടം നേടിയിരുന്നു.

മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version