Business

പ്രതിവർഷം 20,000 ഹൃദയവാൽവ്വുകൾ നിർമ്മിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയാമോ?

Published

on

കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മാധ്യമങ്ങൾ നല്ല വാക്ക് പറയണമെങ്കിൽ കമ്പനി വ്യവസായ യൂണിറ്റ് കേരളത്തിന് പുറത്താരംഭിക്കുകയോ സർക്കാരിനെ രണ്ട് കുറ്റം പറയുകയോ വേണമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി പി. രാജീവ് കേരളത്തിലെ വ്യവസായ യൂണിറ്റുകളുടെ വള‍ർച്ചയും തൻെറ ആശങ്കയും പങ്കു വെച്ചത്.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ കാര്യം. രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും പല മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാൽ പോലും അതിശയിപ്പിക്കുന്ന യൂണിറ്റുകളാണെങ്കിലും നമ്മുടെ മാധ്യമങ്ങൾക്ക് അവരെക്കുറിച്ചൊരു നല്ലവാക്ക് പറയണമെങ്കിൽ അവരൊരു യൂണിറ്റ് കേരളത്തിന് പുറത്താരംഭിക്കണം, അല്ലെങ്കിൽ സർക്കാരിനെ രണ്ട് കുറ്റം പറയണം എന്ന് അദ്ദേഹം പറയുന്നു.

കേരളത്തിൻെറ വ്യവസായിക നേട്ടത്തെക്കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ. ”എന്തായാലും കേരളം വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്.

ലോകത്തിൽ തന്നെ നിർമ്മിക്കുന്ന ബ്ലഡ് ബാഗുകളിൽ 12 ശതമാനം നിർമ്മിക്കുന്നത് നമ്മുടെ കേരളത്തിലാണ്. ഏഷ്യയിലെ ഡെൻ്റൽ ലാബ് ഹബ്ബാണ് കേരളമെന്നത് അഭിമാനകരമായ കാര്യമാണെങ്കിലും നമ്മളിൽ എത്രപേർക്ക് ഇതറിയാം? പ്രതിവർഷം 20,000 ഹൃദയവാൽവ്വുകൾ നിർമ്മിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയുമോ? കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ വലിയ നിക്ഷേപങ്ങളിലൂടെ മാത്രം പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും എം.എസ്.എം.ഇ യൂണിറ്റുകളിലൂടെ പന്ത്രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപവും നേടിയെടുത്ത കേരളത്തിൽ ഇന്ന് ഐബിഎം, വെൻഷ്വർ, അത്താച്ചി, ആസ്കോ ഗ്ലോബൽ, ട്രൈസ്റ്റാർ, ടാറ്റ എലക്സി, ടി.സി.എസ്, ഏണസ്റ്റ് ആൻ്റ് യങ്ങ്, വജ്ര റബ്ബർ, ടിടികെ ഹെൽത്ത്കെയർ, എവിടി ബയോടെക്, അഗാപ്പെ, റൂബ്ഫില തുടങ്ങി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്.

സംസ്ഥാനത്തിന് യോജിച്ചതും നൂതന വ്യവസായങ്ങളുടെ ഗണത്തിൽ പെടുന്നതുമായ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുകയുമാണ്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം, എം.എം.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ്, ബെസ്റ്റ് ഇൻ്റസ്ട്രിയൽ പാർക്കുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങളും കേരളത്തെത്തേടിയെത്തിയത് ഈ സമീപകാലയളവിലാണ്.

പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. ഇത് മാറുകയും കക്ഷിരാഷ്ട്രീയത്തിനതീതമായി നാമെല്ലാവരും കേരളത്തിൻ്റെ അംബാസഡർമാരായിത്തീരുകയും ചെയ്യുകയാണെങ്കിൽ കൂടുതൽ വ്യവസായ നിക്ഷേപം നമ്മുടെ നാട്ടിലേക്കെത്തുമെന്നുറപ്പാണ്. അത് ഈ നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും മേക്ക് ഇൻ കേരള പദ്ധതിക്ക് പ്രോത്സാഹനമാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version