India

ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്‌ലക്‌സ്

Published

on

നിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്.

കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്‌ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version