ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം എം എസ് ധോണി പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. വേദന കൊണ്ടാണ് താരം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് പരിക്കാണ് ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വന്ന മാറ്റത്തിന് കാരണമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കാലിന്റെ പേശിക്കേറ്റ പരിക്ക് കാരണം ധോണിക്ക് കൂടുതല്‍ ദൂരം ഓടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകളുടെ സഹായത്തില്‍ മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പരിക്കും വെച്ച് കളിച്ച് ഇതുവരെ സീസണില്‍ 110 റണ്‍സ് നേടാന്‍ ധോണിക്ക് സാധിച്ചു.
ധോണി ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നതിനെതിരെ മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഞായറാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ അദ്ദേഹം ഒന്‍പതാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. മത്സരത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തിരുന്നു. ഇതോടെ മുന്‍ താരങ്ങളായ ഇര്ഫാന് പത്താനും ഹര്ഭജന് സിങ്ങും അടക്കമുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.