ദുബായ്: നഗരചരിത്രത്തിന്റെ ഭാഗമായി മാറിയ ദേര ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ടിന് അതിശയകരമായ മേക്ക് ഓവര്‍. ദുബായ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ ദേര ക്ലോക്ക്ടവര്‍ മുഖംമിനുക്കി വീണ്ടും തുറന്നു. നഗരമോടി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 ദശലക്ഷം ദിര്‍ഹം ചെലവിലാണ് നവീകരണം. ദുബായിയുടെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പാണിത്.
1960കളില്‍ ആരംഭിച്ചതു മുതല്‍ ദുബായിയുടെ പ്രതീകമായ ക്ലോക്ക് ടവറിന് വലിയ മാറ്റങ്ങള്‍ വരുത്താതെ ആധുനിക മുഖച്ഛായ നല്‍കാന്‍ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു. നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തെ കൂടി അനാവരണം ചെയ്യുന്നതാണ് ടവര്‍. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ സമീപകാലത്തെ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണിത്.
2023 മെയ് മാസത്തിലാണ് നവീകരണം ആരംഭിച്ചത്. പുതിയ പ്രോജക്റ്റ് പ്രദേശത്തെ മാറ്റിമറിച്ചു. ഗോപുരത്തിന് അതിശയകരവും സൗന്ദര്യാത്മകവുമായ ഒരു പുതിയ രൂപം കൈവന്നു. പുതിയ റൗണ്ട് എബൗട്ടിന്റെ കേന്ദ്രഭാഗം നവീനമായ ഡിസൈനിലുള്ള അതിമനോഹരമായ ജലധാരയാണ്.
ദുബായിലെ ഏറ്റവും പ്രമുഖ എഞ്ചിനീയറിങ്, വാസ്തുവിദ്യാ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ ദേരയിലെ ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ടിന്റെ വികസനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സവിശേഷതകളുമായി യോജിപ്പിച്ച് ആധുനിക ഡിസൈനുകളോട് കൂടിയ ഒരു പുതിയ മുഖം നല്‍കാനാണ് ശ്രമിച്ചത്. നഗരത്തിന്റെ ആകര്‍ഷണീയത, സാംസ്‌കാരിക ചൈതന്യം, സൗന്ദര്യാത്മക അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ടിന്റെ മോടി കൂട്ടലില്‍ തൂണുകളുടെ നവീകരണം, ജലധാരയുടെ പുതിയ ഡിസൈന്‍ നടപ്പിലാക്കല്‍, ജലനിരപ്പ് നിയന്ത്രിക്കുന്നതിനും മള്‍ട്ടികളര്‍ ലൈറ്റിങ് ഉപയോഗിക്കുന്നതിനുമുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. ത്രിമാന രൂപകല്‍പ്പനയാണ് മറ്റൊരു സവിശേഷത്. റൗണ്ട് എബൗട്ടിന്റെ ചട്ടക്കൂട് വീണ്ടും പെയിന്റ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തു.
അത്യന്താധുനിക സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരമാണ് ദുബായ്. ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഒന്നുകൂടിയാണിത്. ദുബായിലെ ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വെറും 12 മിനിറ്റ് മതിയെന്ന് അടുത്തിടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.