റിയാദ്: രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി റെസ്റ്റോറന്റുകള്‍ക്കും മറ്റ് ഭക്ഷ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം.
ഇതു പ്രകാരം രാജ്യത്തെ റെസ്റ്റോറന്റുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പാകത്തില്‍ കൃത്യമായ സംവിധാനമുണ്ടാകണം. ചേരുവകളുടെ കാലാവധിയും ഭക്ഷണ സാധനങ്ങളുടെ പാക്കിംഗ് വേളയില്‍ ഉപയോഗിച്ച വസ്തുക്കളുടെ വിശദാംശങ്ങള്‍, പാക്കേജിന്റെ കാലാവധി, സപ്ലൈ ചെയ്ത വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിശദാംശങ്ങള്‍, സപ്ലൈ ചെയ്ത ഭക്ഷണ സാധനങ്ങളുടെ അളവ് തുടങ്ങിയ വിശദാംശങ്ങള്‍ സ്ഥാപനത്തില്‍ ഉണ്ടാവണം. ഇതിന് കൃത്യമായ ക്രമീകരണം ഉണ്ടാക്കണം.
ഒരു ഉല്‍പ്പന്നത്തില്‍ നിന്ന് വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ അത് നിരോധിക്കപ്പെടുകയോ ചെയ്യുന്ന പക്ഷം എവിടെയൊക്കെ അത് വിതരണം ചെയ്യപ്പെട്ടുവെന്ന് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണിത്. റെസ്റ്റൊറന്റില്‍ ഭക്ഷണ സാധനങ്ങള്‍ എത്തുമ്പോള്‍ തന്നെ അതിന് ഇന്‍വോയ്‌സോ വൗച്ചറോ നല്‍കുകയും ആത് സൂക്ഷിച്ചുവയ്ക്കുകയും ചെയ്യണം. അവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഭക്ഷണ വിതരണക്കാരുടെ കോണ്‍ടാക്ട് നമ്പറും സ്ഥാപന ഉടമയുടെ കൈവശം ഉണ്ടാവണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ നിര്‍ദേശം വൈകാതെ റെസ്റ്റോറന്റുകള്‍ക്കും ഭക്ഷണ വിതരണശാലകള്‍ക്കും കൈമാറുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച റിയാദില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. റിയാദിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ബോട്ടുലിസം കാരണം വിഷബാധയേറ്റത്. 69 സൗദി പൗരന്മാരും ആറ് പ്രവാസികളും ഉള്‍പ്പെടെ ആകെ 75 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ സംശയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 50 പേര്‍ക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായും അതില്‍ 43 പേര്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതായും മന്ത്രാലയം സ്ഥിരീകരിച്ചു. ബാക്കിയുള്ള 31 പേരില്‍ 20 പേര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും 11 പേര്‍ ചികിത്സയിലുമാണ്. ഒരാളാണ് വിഷബാധ മൂലം മരണപ്പെട്ടത്.
ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാണ് എല്ലാ വിഷബാധകളും ഉണ്ടായതെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ മന്ത്രാലയം നിരീക്ഷിക്കുകയും പരിചരണം നല്‍കുകയും ചെയ്തുവരുന്നുണ്ട്. ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ അടച്ചിട്ട പാത്രങ്ങളില്‍ സൂക്ഷിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബോട്ടുലിസം ടോക്സിന്‍സ് ആണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത്. ഇത് അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആന്തരികമായ അണുബാധയുണ്ടാവകുയും അത് പക്ഷാഘാതത്തിനോ മരണത്തിനോ വരെ കാരണമാവുകയും ചെയ്യും.
അതേസമയം, കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തിന് ശേഷം പിന്നീട് ഭക്ഷ്യ വിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ അപ്പടി വിശ്വസിക്കുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.