സൗദിയിൽ ഈന്തപ്പഴ ഉത്പാദനം വർധിച്ചതായി കൃഷി മന്ത്രാലയം. 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് സൗദിയിൽ ഉത്പാദിപ്പിക്കുന്നത്. 111 രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കയറ്റുമതിയിൽ 5.4 ശതമാനത്തിന്റെ വർധനവുണ്ടായി. ഈത്തപ്പഴത്തിന്റെ വാർഷിക ഉൽപ്പാദനം 1.6 ദശലക്ഷം ടൺ കവിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണ് സൌദി. 2021-നെ അപേക്ഷിച്ച് 2022-ൽ ഈന്തപ്പഴങ്ങളുടെ കയറ്റുമതിയിൽ 5.4 ശതമാനത്തിന്റെ വർധനവുണ്ടായി. ഇതോടെ ആകെ കയറ്റുമതി 3,21,000 ടൺ കവിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത് സൌദിയിലെ അൽ ഖസീമിലാണ്. മൊത്തം 11.2 ദശലക്ഷം ഈന്തപ്പനകളാണ് അൽ ഖസീമിലുള്ളത്. മദീനയിൽ 8.3 ദശലക്ഷവും റിയാദിൽ 7.7 ദശലക്ഷവും, കിഴക്കൻ മേഖലയിൽ 4.1 ദശലക്ഷം ഈന്തപ്പനകളുമുണ്ട്. സൌദിയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ഈന്തപ്പഴത്തിന്റെ വിളവെടുപ്പ് കാലമാണ്.
മദീന മേഖലയിൽ ഈ വർഷത്തെ റുതാബിന്റെ ആദ്യ വിളവെടുപ്പ് ഇപ്പോൾ നടന്ന് വരുന്നു. മദീനയിലെ ഈത്തപ്പഴ വിപണിയിൽ റൂട്ടാബ്, പ്രത്യേകിച്ച് റോത്താന, അജ്വ എന്നിവ ധാരാളമായി ലഭിക്കും. റുതാബിന്റെ ഒരുഭാഗം സൗദിയുടെ വിവിധ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.