Entertainment

ദളപതി 68 ഈ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക്?; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Published

on

വിജയ്‍യും സംവിധായകൻ വെങ്കട് പ്രഭുവും ഒന്നിക്കുന്ന ദളപതി 68 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം തായ്‌ലൻഡിലേയ്ക്ക് പറന്നിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ കഥ ഒരു ഹോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ദളപതി 68 എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പ്രധാന കഥ മാത്രം സ്വീകരിച്ച് അതിൽ മാറ്റങ്ങളോടെയാകും വെങ്കട് പ്രഭു ദളപതി 68 അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. സിനിമയിൽ വിജയ് ഇരട്ടവേഷങ്ങളിലെത്തുമെന്നും സൂചനകളുണ്ട്.

ബ്രൂസ് വില്ലിസ്, ജോസഫ് ഗോർഡൻ-ലെവിറ്റ്, എമിലി ബ്ലണ്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ലൂപ്പർ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിക്കുകയും നല്ല നിരൂപക പ്രശംസ നേടുകയും ചെയ്ത സിനിമയാണ്. ഭാവികാലത്തിലേക്ക് സഞ്ചരിച്ച് കൊലപാതകങ്ങൾ നടത്തുന്ന ഒരു വാടക കൊലയാളിയുടെ പശ്ചാത്തലത്തിലാണ് ലൂപ്പർ കഥ പറഞ്ഞത്. എന്നാൽ ലൂപ്പറിൽ നിന്ന് പ്രചോദനം കൊണ്ടാണോ ദളപതി 68 ഒരുക്കുന്നത് എന്നതിൽ അണിയറപ്രവർത്തകരിൽ നിന്ന് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

പ്രഭു ദേവ, പ്രശാന്ത്, ലൈല, മോഹൻ, ജയറാം, മീനാക്ഷി ചൗധരി, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേശ്, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങി വലിയ താരനിര ദളപതി 68ന്റെ ഭാഗമാണ്. യുവൻ ശങ്കർ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും. സിദ്ധാർത്ഥ നുനിയാണ് ഛായാഗ്രാഹകൻ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവ്വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version