India

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം

Published

on

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. ഭുജില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രാജ്‌കോട്ടിലെ ജസ്ദാനില്‍ സ്‌കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു.

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മുംബൈ ജുഹു ബീച്ചില്‍ 16 കാരനും മരിച്ചു. രണ്ടു കുട്ടികളെ കാണാതായി. 12 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കടല്‍ക്കരയില്‍ കളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

കാണാതായവര്‍ക്കു വേണ്ടി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ കടല്‍ത്തീരത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീരത്തു നിന്ന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ ഒഴിയണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കച്ച്, ദ്വാരക മേഖലകളില്‍ നിന്നായി 12,000 ഓളം പേരെ ഒഴിപ്പിക്കും. 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version