അബുദാബി: യുഎഇയിലെ നിവാസികള്‍ ഞായറാഴ്ച രാത്രി ടെലിവിഷനില്‍ അപ്രതീക്ഷിത പരിപാടികളും തടസ്സവും കണ്ട് അമ്പരന്നു. രാജ്യത്തെ സെറ്റ്-ടോപ്പ് ബോക്‌സുകളെ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണം.
പലസ്തീന്‍ കുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥയെക്കുറിച്ചുള്ള ഒരു ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അഥവാ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വാര്‍ത്താ അവതാരകനാണ് ഹാക്ക് ചെയ്ത പരിപാടിക്ക് പകരം സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി യുഎഇ നിവാസികള്‍ക്ക് ടെലിവിഷന്‍ പരിപാടികള്‍ക്ക് അപ്രതീക്ഷിത തടസ്സം നേരിട്ടു.
‘ഈ സന്ദേശം നിങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല’ എന്ന സന്ദേശം ടിവികളില്‍ പ്രത്യക്ഷപ്പെട്ടു. പലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങളെക്കുറിച്ചുള്ള പതിവ് ഉള്ളടക്കത്തിന് പകരമായി മറ്റ് ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.