Sports

പാകിസ്താനെതിരെ ഇന്ത്യൻ ടീമിൽ നിർണായക മാറ്റം, രണ്ട് സൂപ്പർ താരങ്ങൾ പുറത്താകും; പ്ലേയിങ് ഇലവനിൽ ഇവർ…

Published

on

ഏഷ്യാ കപ്പ് (Asia Cup 2023) സൂപ്പർ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഞായറാഴ്ച പാകിസ്താനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ (Indian Cricket Team). നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. പാകിസ്താനെതിരായ ആദ്യ മത്സരം മഴയെത്തുടർന്ന് ഫലമില്ലാതെ ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 10 വിക്കറ്റിന് തകർത്തു.

മഴ വില്ലനായെത്തിയ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനർനിശ്ചയിച്ചതോടെയായിരുന്നു ഇന്ത്യയുടെ കൂറ്റൻ വിജയം. നേപ്പാളിനെതിരായ മത്സരത്തിൽ നിന്ന് പാകിസ്താനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനെത്തുമ്പോൾ ഇന്ത്യൻ ടീമിൽ ചില സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യ-പാക് (India vs Pakistan) മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്ന ‌മാറ്റങ്ങളും ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവനും നോക്കാം.

ബാറ്റിങ് നിര

നായകൻ രോഹിത് ശർമയും, ശുഭ്മാൻ ഗില്ലും തന്നെയാകും പാകിസ്താനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്യുക. നേരത്തെ നേപ്പാളിനെതിരെ ഇന്ത്യ 10 വിക്കറ്റിന് വിജയം നേടിയ മത്സരത്തിൽ ഉജ്ജ്വല ബാറ്റിങ് പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. മൂന്നാം നമ്പരിൽ വിരാട് കോഹ്ലി തന്നെയിറങ്ങും. കരുത്തുറ്റ പാക് ബോളിങിനെതിരെ കോഹ്ലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകും.

ശ്രേയസ് അയ്യരാകും നാലാം നമ്പരിൽ. ടീമിന്റെ വിക്കറ്റ് കീപ്പിങിൽ ഒരു നിർണായക മാറ്റത്തിന് സാധ്യതയുണ്ട്. കെ എൽ രാഹുൽ തിരിച്ചെത്തുമ്പോൾ ഇഷാൻ കിഷന് പുറത്തിരിക്കേണ്ടി വരാനാണ് സാധ്യത. ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജയും, ഹാർദിക് പാണ്ഡ്യയും തന്നെയാകും ടീമിലുണ്ടാവുക.

ബോളിങ് നിര

ഇന്ത്യയുടെ ബൗളിങ് നിരയിലും ഒരു നിർണായക മാറ്റമുണ്ടാകും. നേരത്തെ തന്റെ കുട്ടിയുടെ ജനനത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയതിനാൽ ജസ്പ്രിത് ബുംറ നേപ്പാളിനെതിരെ കളിച്ചിരുന്നില്ല. എന്നാൽ ശ്രീലങ്കയിൽ തിരിച്ചെത്തി ഇന്ത്യൻ ടീമിനൊപ്പം താരം പരിശീലനം ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബുംറ പാകിസ്താനെതിരെ പ്ലേയിങ് ഇലവനിലേക്ക് വരുന്നതോടെ സീനിയർ പേസർ മൊഹമ്മദ് ഷമിക്ക് സ്ഥാനം നഷ്ടമാകും. മൊഹമ്മദ് സിറാജും, ഷർദുൽ താക്കൂറുമാകും ടീമിലെ മറ്റ് പേസർമാർ. നേപ്പാളിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സിറാജ് തിളങ്ങിയിരുന്നു. സമീപകാലത്ത് മികച്ച റെക്കോഡുള്ള സിറാജിൽ നിന്നും പാകിസ്താനെതിരെയും ഇന്ത്യ മിന്നും പ്രകടനം തന്നെ പ്രതീക്ഷിക്കുന്നു.

അതേ സമയം സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ സ്ഥാനത്ത് കുൽദീപ് യാദവ് തന്നെ കളിക്കും. നേപ്പാളിനെതിരായ കളിയിൽ വിക്കറ്റുകളൊന്നും വീഴ്ത്താൻ കഴിയാതിരുന്നതിന്റെ ക്ഷീണം നേപ്പാളിനെതിരെ കുൽദീപ് തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ

രോഹിത് ശർമ്മ (ക്യാപ്റ്റൻ)
ശുഭ്മാൻ ഗിൽ
വിരാട് കോഹ്ലി
ശ്രേയസ് അയ്യർ
കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ)
ഹാർദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
ഷർദുൽ താക്കൂർ
കുൽദീപ് യാദവ്
ജസ്പ്രിത് ബുംറ
മൊഹമ്മദ് സിറാജ്.

​ഇന്ത്യ-പാക് മത്സരത്തിന് റിസർവ് ദിനം

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, മഴയെത്തുടർന്ന് മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഇരു‌ ടീമുകളും തമ്മിൽ സൂപ്പർ ഫോർ മത്സരം നടക്കാനിരിക്കുന്ന ഞായറാഴ്ചയും മഴ ഭീഷണിയുണ്ട്. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകരം മത്സരത്തിന് വേദിയാകുന്ന കൊളംബോയിൽ 90 ശതമാനമാണ് അന്ന് മഴ സാധ്യത. ഈ സാഹചര്യത്തിൽ മത്സരത്തിന് റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്‌ സംഘാടകർ. മഴയെത്തുടർന്ന് കളി ഞായറാഴ്ച പൂർത്തിയാക്കാനായില്ലെങ്കിൽ തിങ്കളാഴ്ചത്തേക്ക് പോരാട്ടം നീളും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version