Gulf

സൗദിയില്‍ ആഗോള ജല സംഘടന സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Published

on

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി ഗ്ലോബല്‍ വാട്ടര്‍ ഓര്‍ഗനൈസേഷന്‍ (ആഗോള ജല സംഘടന) സ്ഥാപിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ആഗോളതലത്തില്‍ ജലം സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങളും പരിസ്ഥിതി സംഘടനകളും നടത്തുന്ന ശ്രമങ്ങളെ സമന്വയിപ്പിക്കാനും മെച്ചപ്പെടുത്താനും സംഘടന ലക്ഷ്യമിടുന്നതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്രതലത്തില്‍ ജലം സംരക്ഷിക്കുന്നതിനും ജലസുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള അറിവുകളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ഗവേഷണ-വികസന അനുഭവങ്ങള്‍ പങ്കിടാനുമാണ് ഗ്ലോബല്‍ വാട്ടര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുന്നത്. ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുമായും ദേശീയ നയപരിപാടികളില്‍ അത്തരം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുമായും സഹകരിക്കാന്‍ സംഘടന ലക്ഷ്യമിടുന്നു.

ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുകയും എല്ലാവര്‍ക്കുമായി അവയുടെ പ്രയോജനം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ധനസഹായം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്. ജലവിതരണവുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി പ്രവര്‍ത്തിക്കുകയെന്ന ദേശീയ നയവുമായി പൊരുത്തപ്പെടുന്നതാണ് പുതിയ സംരംഭമെന്നും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികമായി വികസിപ്പിച്ച നൂതനമായ പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തി ജല ഉത്പാദനം, വിതരണം എന്നിവയില്‍ രാജ്യം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version