Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇപ്പോളത്തെ ലക്ഷ്യം അക്കാര്യം മാത്രം; അവസാനം പോർച്ചുഗീസ് താരത്തിന്റെ വെളിപ്പെടുത്തൽ

Published

on

രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ, ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടങ്ങിയ റെക്കോഡുകൾ സ്വന്തമായുള്ള താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ( Cristiano Ronaldo ). എന്നാൽ, ഫിഫ ലോകകപ്പ് ( FIFA World Cup ) ഫുട്‌ബോൾ കിരീടമെന്ന നേട്ടം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ( GOAT ) ആരാണെന്ന മത്സരത്തിൽ അർജന്റീനയുടെ ലയണൽ മെസി ( Lionel Messi ) ഫിഫ ലോകകപ്പിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി എന്നതും ശ്രദ്ധേയം.

2022 ഖത്തർ ലോകകപ്പിലായിരുന്നു ലയണൽ മെസിയുടെ അർജന്റീന കിരീടം ചൂടിയത്. 38 വയസായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ ലോകകപ്പ് സ്വന്തമാക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2026 ലെ ലോകകപ്പായിരിക്കും ഒരുപക്ഷേ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഭവബഹുലമായ കരിയറിലെ അവസാന ലോകകപ്പ്.

നിലവിൽ 2024 യൂറോ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുകയാണ് പോർച്ചുഗൽ ( Protugal ). യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ജെ യിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും പോർച്ചുഗൽ ജയം സ്വന്തമാക്കി. അതിനിടെ 2026 ഫിഫ ലോകകപ്പിൽ മത്സരിക്കുമോ എന്നതു സംബന്ധിച്ച വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി.”2026 ലോകകപ്പോ? സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല, അത്രയും ദീർഘ വീക്ഷണം നടത്താൻ ഞാൻ ആളല്ല. എന്തും സംഭവിക്കാം. ഈ നിമിഷത്തിലായിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനായാണ് ഞാൻ ശ്രമിക്കുന്നതും. ഒരു മികച്ച യൂറോ പ്രകടനമാണ് ഇപ്പോൾ ഞാൻ ലക്ഷ്യം വെയ്ക്കുന്നത്. അതിനു ശേഷം എന്ത് സംഭവിക്കും എന്ന് അപ്പോൾ നോക്കാം”. ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

2022 ഖത്തർ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് അത്ര സുഖകരമല്ലായിരുന്നു. ഖത്തർ ലോകകപ്പിനിടെ അന്നത്തെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈഡ് ബെഞ്ചിലിരുത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും മാനസിക പിരിമുറുക്കം അനുഭവിച്ച സമയമായിരുന്നു അത്. എന്നാൽ, 2022 ഖത്തർ ലോകകപ്പിനു പിന്നാലെ ഫെർണാണ്ടോ സാന്റോസിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പോർച്ചുഗൽ ഫെഡറേഷൻ നീക്കി. ബെൽജിയത്തിന്റെ പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനെസാണ് നിലവിൽ പോർച്ചുഗലിന്റെ മുഖ്യ പരിശീലകൻ.

2024 യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ സ്ലൊവാക്യയ്ക്ക് എതിരായ എവേ പോരാട്ടത്തിലും പോർച്ചുഗൽ ജയം നേടി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലായിരുന്നു പോർച്ചുഗലിന്റെ 1 – 0 ന്റെ ജയം. ഇതോടെ ഗ്രൂപ്പ് ജെ യിൽ അഞ്ച് മത്സരങ്ങളിൽ 15 പോയിന്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി സ്ലൊവാക്യയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

പോർച്ചുഗൽ ജഴ്‌സിയിൽ 2016 യുവേഫ യൂറോ കപ്പും 2018 – 2019 യുവേഫ നേഷൻസ് ലീഗ് കിരീടവും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. 201 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 123 ഗോളും 38 കാരനായ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി സ്വന്തമാക്കി. 2023 ൽ അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിനായി നേടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version